By parvathyanoop.29 11 2022
തിരുവനന്തപുരം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ ഏഴിന്. പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരിയും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്നാണ് കാര്‍ത്തിക സ്തംഭം ഉയര്‍ത്തിയത്.
കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, ട്രസ്റ്റിമാരും മേല്‍ശാന്തിമാരുമായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത്.ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍ത്തികസ്ഥംഭന് പ്രകാരമുള്ള പൂജകളും കര്‍മ്മങ്ങളും സമര്‍പ്പണവും നടത്തി.
ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ നാലിന് നിര്‍മ്മാല ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9ന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയുമായ രാധാകൃഷ്ണന്‍ നമ്പൂതിരി പകര്‍ന്നുനല്‍കുന്ന തിരിയില്‍ പണ്ടാര അടുപ്പിലേക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അഗ്‌നി പകരും.
ഇതോടെയാണ് പൊങ്കാലയ്ക്കു തുടക്കം കുറിക്കുക. സജി ചെറിയാന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സംഗമത്തില്‍ നടന്‍ സുരേഷ് ഗോപി പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, ഗോപന്‍ ചെന്നിത്തലവ എന്നിവര്‍ പങ്കെടുക്കും.
പുതുതായി നിര്‍മിച്ച ആനക്കൊട്ടിലിന്റെ സമര്‍പ്പണം മനോജ് പണിക്കര്‍ ശ്രീശൈലം അടൂര്‍ നിര്‍വഹിക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ട്രസ്റ്റിമാരും മേല്‍ശാന്തിമാരുമായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത്.ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, രമേശ് ഇളമണ്‍ നമ്പൂതിരി, ക്ഷേത്ര മേല്‍ശാന്തിമാരായ ഹരിക്കുട്ടന്‍ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് അഞ്ചിന് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ്.കെ. തോമസ് മുഖ്യാതിഥിയായിരിക്കും. രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കുകയും വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നിപ്രോജ്വലിപ്പിക്കുന്ന ചടങ്ങും നിര്‍വഹിക്കും.
തലവടി പഞ്ചായത്തു പ്രസിഡന്റ് ഗായത്രി.ബി. നായര്‍, തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗ്ഗീസ്, നെടുമ്പ്രം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ടി. പ്രസന്നകുമാരി, എടത്വ പഞ്ചായത്ത് അംഗം മറിയാമ്മ ജോര്‍ജ്, തലവടി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും വാര്‍ഡ് മെംബറുമായ കൊച്ചുമോള്‍ ഉത്തമന്‍, അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ 1000ത്തിലധികം ക്ഷേത്ര വോളണ്ടിയര്‍മാര്‍ നിര്‍ദ്ദേശങ്ങളുമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തും. ഭക്തരുടെ പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തും. പൊലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, ജല അതോറിറ്റി, എക്സൈസ്, ജലഗതാഗതം, റവന്യൂ വകുപ്പുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സജീകരിക്കും.
പാര്‍ക്കിംഗിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ക്ഷേത്ര മുഖ്യ കാര്‍ദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി, രഞ്ജിത്ത്.ബി. നമ്പൂതിരി, അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്‍ നമ്പൂതിഹരി, ഹരിക്കുട്ടന്‍ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാര്‍ പിഷാരത്ത്, പിആര്‍ഒ സജന്‍ നാരായണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.