By parvathyanoop.27 07 2022
ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും.
എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക.പ്രശസ്തമായ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വര്‍ക്കല പാപനാശം ചാവക്കാടിനടുത്ത് പഞ്ചവടി ശ്രീ ശങ്കര നാരായണ മഹാക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളാണ്.
എല്ലാ മാസത്തിലെയും അമാവാസി (കറുത്ത വാവ്) ദിവസം ബലിതര്‍പ്പണം നടത്താം. എന്നാല്‍ കര്‍ക്കടകമാസത്തിലെ അമാവാസി ദിവസത്തിനു കൂടുതല്‍ പ്രാധാന്യമുണ്ട്.നിരയനരീതിയിലുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി എന്നതാണ് കര്‍ക്കടകവാവിന്റെ പ്രത്യേകത.
ഈ മന്ത്രങ്ങള്‍ ചൊല്ലി പിതൃവംശത്തിലും മാതൃവംശത്തിലും മരിച്ചുപോയവരെ സങ്കല്‍പിച്ച് ഇലയിലേക്കു സമര്‍പ്പിക്കണം. അതിനുള്ള മന്ത്രം.
മാതൃ വംശേ മൃതായേശ്ച
പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ
ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ
വിവര്‍ജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ
പങ്കവസ്ഥതാ
വിരൂപാ ആമഗര്‍ഭാശ്ച ജ്ഞാതാജ്ഞാതാ
കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു
പരാം ഗതിം
തുടര്‍ന്ന് പിതൃപൂജ ചെയ്യുന്നതായി സങ്കല്‍പിച്ച് പുഷ്പം പിണ്ഡത്തില്‍ അര്‍പ്പിക്കുക.ജലം സമര്‍പ്പയാമി എന്ന് ചൊല്ലി കിണ്ടിയിലെ വെള്ളം.ഗന്ധം സമര്‍പ്പയാമി എന്ന് ചൊല്ലി ചന്ദനം, പുഷ്പം സമര്‍പ്പയാമി എന്ന് ചൊല്ലി പുഷ്പം ദീപം സമര്‍പ്പയാമി എന്ന് ചൊല്ലി വിളക്കുതിരി കത്തിച്ച് ദീപം വയ്ക്കുക.ധൂപം സമര്‍പ്പയാമി ചൊല്ലി ചന്ദനത്തിരി കത്തിച്ച് ധൂപം എന്നിവ പിണ്ഡത്തിനു മേല്‍ സമര്‍പ്പിക്കണം.കര്‍പ്പൂരം കത്തിച്ചുവച്ച ശേഷം പിണ്ഡത്തിനു മുകളില്‍ കാണിച്ച ശേഷം കര്‍പ്പൂര ദീപാഞ്ജനം സമര്‍പ്പയാമി എന്ന് ചൊല്ലാം.
വീണ്ടും പുഷ്പം എടുത്ത് പ്രാര്‍ഥിച്ച് ഇലയിലേക്ക് സമര്‍പ്പിക്കുക.പവിത്രം ഊരി ഇലയില്‍ ഇട്ട ശേഷം പിണ്ഡം ഇലയോടെ എടുത്ത് ശിരസിനു മുകളില്‍ പിടിച്ച് പുഴയില്‍ ഒഴുക്കി മുങ്ങി കയറാം.കഴിഞ്ഞില്ലെങ്കില്‍ പിണ്ഡം ഒഴിഞ്ഞ സ്ഥലത്തു വച്ച് മൂന്നു തവണ കിണ്ടിയിലെ വെള്ളം മുകളിലേക്ക് തളിച്ച് കാക്കയെ കൈകൊട്ടി വിളിക്കുക.അതിനു ശേഷം കുളിക്കാം. ക്ഷേത്രത്തില്‍ പിതൃപൂജയും തിലഹവനവും നടത്താം.
സാധാരണ ഗതിയില്‍ വെളുപ്പിന് 5.30 മുതല്‍ ബലികര്‍മ്മങ്ങള്‍ മിക്ക ക്ഷേത്രങ്ങളിലും സമുദ്ര-നദീതീരങ്ങളിലും ആരംഭിക്കാറുണ്ട്. ചില അതിപ്രധാന ക്ഷേത്രങ്ങില്‍ അതിപുലര്‍ച്ചെ 3.21 മണിമുതല്‍ ബലികര്‍മ്മങ്ങള്‍ ആരംഭിച്ചേക്കും. വലിയ ക്ഷേത്രങ്ങളില്‍ മുഹൂര്‍ത്തമൊന്നും പാലിക്കാന്‍ കഴിയാത്തത്, വിശ്വാസികളുടെ ആധിക്യം കാരണമാണ്. ആകയാല്‍ സന്തോഷത്തോടെ നിങ്ങളാല്‍ കഴിയുന്ന നല്ല മുഹൂര്‍ത്തത്തില്‍ ബലികര്‍മ്മം ചെയ്ത് പിതൃപ്രീതിക്കായി പ്രാര്‍ത്ഥിക്കുക.
ചില പ്രധാന കര്‍ക്കടക വാവ് ബലികേന്ദ്രങ്ങള്‍
തിരുനെല്ലി, വര്‍ക്കല-പാപനാശം, ശിവഗിരി-ശാരദാമഠം, തിരുനാവായ, കണ്ണൂരിലെ ശ്രീസുന്ദരേശ്വരക്ഷേത്രം, ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, തിരുവില്വാമല, തിരുവനന്തപുരം-ശംഖുംമുഖം, തിരുവല്ലം, കൊല്ലം-തിരുമുല്ലവാരം, ആലുവാ-ചേലാമറ്റം, കരുനാഗപ്പള്ളിയ്ക്ക് പടിഞ്ഞാറ് കായംകുളം കായലിനും അറബിക്കടലിനും ഇടയിലായി നീണ്ടുകിടക്കുന്ന ആലപ്പാട് പഞ്ചായത്തില്‍ വടക്ക് അഴീക്കല്‍ മുതല്‍ തെക്ക് വെള്ളനാതുരുത്ത് വരെയുള്ള പ്രധാന ഗ്രാമക്ഷേത്രങ്ങള്‍ എന്നിവിടെയെല്ലാം ബലികര്‍മ്മം നടത്താനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
ഇനി ഈ ദിവസത്തെ അനുഷ്ഠാനങ്ങള്‍ എങ്ങനെ എന്നു പറയാം. വാവിന്റെ തലേ ദിവസം ഒരിക്കല്‍ വ്രതം ആചരിക്കണം. ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക. വാവുദിവസം രാവിലെ കുളി കഴിഞ്ഞി ഒരു വാഴയിലയില്‍ ദര്‍ഭകൂര്‍ച്ഛം തയ്യറാക്കി വയ്ക്കുക. ഉണക്കലരി വറ്റിച്ച് ചോറുവച്ച് അതില്‍ നിന്നും പിണ്ഡമുരുട്ടി ദര്‍ഭയുടെ മുകള്‍ഭാഗത്ത് വയ്ക്കുക. പിന്നീട്, രണ്ട് കൈകൊണ്ടും കിണ്ടിയിലെ ജലം എടുത്ത് ഉയര്‍ത്തി ഗംഗാ ആവാഹന മന്ത്രം ജപിക്കുക.
തുടര്‍ന്ന് ജലം ഇലയില്‍ തളിച്ച പിതൃക്കളെ പിണ്ഡത്തിലേയ്ക്ക് ആവാഹിക്കുന്നതായി സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. പിന്നീട്, എള്ള്, പുഷ്പം, ചന്ദനം ഇവ യഥാക്രമം ജലം ചേര്‍ത്ത് പിണ്ഡത്തില്‍ തര്‍പ്പണം. തുടര്‍ന്ന് എള്ളും പൂവും ചന്ദനവും ഉണക്കലരിയും ചേര്‍ത്ത് ഒരുമിച്ചെടുത്ത് തര്‍പ്പണം നടത്തുക. തുടര്‍ന്ന് പാല്‍, തൈര്, നെയ്യ്, തേന്‍ ഇവ യഥാക്രമം തര്‍പ്പിക്കുക.
പിന്നീട് ഇവ ഒരുമിച്ച് ചേര്‍ത്ത് തര്‍പ്പണം നടത്തുക.പിന്നീട് രണ്ട് കൈകള്‍കൊണ്ട് ഇലയോടുകൂടി എടുത്ത് മെഴുകിയ സ്ഥലത്ത് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് കാക്കകളെ കൈകൊട്ടി ആഹ്വാനം ചെയ്ത്, മാറി കുളിച്ചു പോരിക. ഇങ്ങനെ വാവുബലി പൂര്‍ത്തീകരിക്കാം.