കവടിയാര്‍ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി തുടങ്ങി

By parvathyanoop.28 10 2022

imran-azhar

 

 

തുലാമാസത്തിലെ ഷഷ്ഠിദിനത്തിലാണ് സ്‌കന്ദഷഷ്ഠി ആഘോഷിക്കുന്നത്. പ്രഥമയില്‍ തുടങ്ങി ആറു ദിവസവും നീണ്ടു നില്‍ക്കുന്ന ഒരു വ്രതമാണ് ഷ്ഷ്ഠീ വ്രതം.സ്‌കന്ദ ഷഷ്ടി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ വ്രതം നിര്‍ബ്ബന്ധമാണ്.ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുക ക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു.

 

സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീമുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ട് കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീപാര്‍വ്വതീ ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപ്പെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണങ്ങളില്‍ പറയുന്നു.

 

 

പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.കവടിയാര്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഒക്ടോബര്‍ 25 മുതല്‍ 30 വരെ രാവിലെ 8 .30ന് നിവേദ്യവും 11. 30ന് പ്രത്യേക അഭിഷേകവും നടത്തി. 30 ന് രാവിലെ 6 ന് കാവടിഘോഷയാത്ര ഉച്ചയ്ക്ക് 12. 30ന് അന്നദാനം എന്നിവ ഉണ്ടാകും.

 

ഈ വരുന്ന ഒക്ടോബര്‍ 30ന് സ്‌കന്ദഷഷ്ടി ദിവസം രാവിലെ ആറുമണിക്ക് മരുതംകുഴി കൊച്ചാര്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നും കാവടി ഘോഷയാത്ര തിരിക്കുന്നു.പത്തിന് കാവടി അഭിഷേകം .12 .30ന് അന്നദാനം. വൈകുന്നേരം 5. 30ന് ഭജന.എട്ടിന് പുഷ്പാഭിഷേകം .ഒന്‍പതിന് പഞ്ചാലങ്കാര പൂജ.

 

വെള്ളിയാഴ്ച രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാത്രി 8 മണി വരെ ക്ഷേത്രത്തില്‍ കാവടിക്ക് കാപ്പ് കെട്ട് ചടങ്ങും നടന്നിരുന്നു.ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ ഷഷ്ഠി നിവേദ്യം ക്ഷേത്രത്തില്‍ ഉണ്ടായിരിക്കുന്നതാണ്.


പഞ്ചാമൃതം, പനിനീര്‍, പാനകം,ഭസ്മം,തേന്‍, നെയ്യ് എന്നീ അഭിഷേകങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യാവുന്നതാണ്.മംഗല്യ തടസ്സം മാറുന്നതിന് സുബ്രഹ്മണ്യ പൂജയും ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി യോഗീശ്വര പൂജയും വഴിപാടായി നടത്താവുന്നതാണ്.

 


ചരിത്രം

 

ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് അഭയകേന്ദ്രമായ പുണ്യസങ്കേതമായി തീര്‍ന്നിരിക്കുന്ന ദേവസ്ഥാനം ആണ് കവടിയാര്‍ കൊട്ടാരത്തിന് സമീപമായി സ്ഥിതിചെയ്യുന്ന ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം.തിരുവനന്തപുരത്ത് കവടിയാറില്‍ പുതിച്ചിക്കോണം എന്ന സ്ഥലത്താണ് ഈ പുരാതനക്ഷേത്രത്തിന്റെ ആസ്ഥാനം.

 

ഒരു ശതാബ്ദത്തിലേറെക്കാലം പഴക്കമുള്ള ഈ ദേവാലയത്തിന്റെ ഉല്പത്തി ചരിത്രം ഇപ്രകാരമാണ്.പുതിച്ചിക്കോണത്തെ ഒരു പ്രാചീന കുടുംബമാണ് ഈന്തിവിളാകത്ത് വീട്.്.പ്രസ്തുത ഭവനത്തിലെ ഈശ്വര ഭക്തനായ രാമന്‍ ,ഗോപാലന്‍ ,നാരായണന്‍ എന്നീ ബാലന്മാര്‍ കളിമണ്ണില്‍ തീര്‍ത്ത ഗണപതിയുടെയും മുരുകന്റെയും വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ വിളക്ക് കത്തിച്ചുവച്ച് പൂജ നടത്തുക പതിവായിരുന്നു.

 

കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിക്കാതെ പൂജാദി കാര്യങ്ങളില്‍ മാത്രം അതീവ താത്പര്യം കാണിച്ചു തുടങ്ങിയപ്പോള്‍ കോപാകുലനായ കുടുംബകാരണവര്‍ വേലായുധനമ്മാവന്‍ പൂജാ വിഗ്രഹങ്ങള്‍ എടുത്ത് ദൂരെ വലിച്ചെറിഞ്ഞത്രേ.അന്നേദിവസം മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്ന കാരണവര്‍ നിദ്രാവീഹിനനായി തീര്‍ന്നു.

 

കണ്ണൊന്നടഞ്ഞാല്‍ ആന കുത്താന്‍ വരുന്നതായും തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് എറിയുന്നതായും സ്വപ്നം കണ്ട് ഞെട്ടി ഉണരാന്‍ തുടങ്ങിയ കാരണവര്‍ ആകെ അസ്വസ്ഥനായി തീര്‍ന്നു.അതേത്തുടര്‍ന്ന് തന്റെ ദുരനുഭവങ്ങള്‍ അദ്ദേഹം കുടുംബാംഗങ്ങളോട് പറയുകയും കുട്ടികളുടെ പൂജാ വിഗ്രഹങ്ങള്‍ വലിച്ചെറിഞ്ഞ കാര്യം പലരും അനുസ്മരിപ്പിക്കുകയും ചെയ്തു.തന്റെ അപരാധത്തില്‍ പശ്ചാത്തപിച്ച കാരണവര്‍ വീണ്ടും വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ വിളക്ക് കൊളുത്തി പൂജ ചെയ്യാന്‍ കുട്ടികള്‍ക്ക് അനുവാദം നല്‍കി.

 

സന്തുഷ്ട ചിത്തരായ ബാലന്മാര്‍ മുന്നേപോലെ പൂജാദി കര്‍മ്മങ്ങളില്‍ വ്യാപൃതരാവുകയും ചെയ്തു.കുറച്ചുകാലത്തിനുശേഷം ചാത്തന്നൂരിനടുത്തുള്ള വരിഞ്ഞം എന്ന സ്ഥലത്തുനിന്ന് തൃക്കോവില്‍ കുന്നില്‍ ശ്രീ ഗോവിന്ദാചാര്യസ്വാമി കവടിയാറില്‍ വരികയുണ്ടായി.വിഗ്രഹ പൂജ നടത്തിയിരുന്ന കുട്ടികളുടെ കാര്യം അദ്ദേഹം അറിയുകയും ഈന്തിവിളാഗത്ത് വീട്ടിലെത്തി കുട്ടികളെ കണ്ട് വാത്സല്യം പ്രകടിപ്പിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു .

 

 


കുടുംബകാരണവരുടെ അപേക്ഷ പ്രകാരം സ്വാമികള്‍ പുതിച്ച കോണത്ത് ഒരു ക്ഷേത്രം നിര്‍മ്മിക്കുകയും ശ്രീ ബാലസുബ്രഹ്മണ്യ സ്വാമിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജാവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.സ്വാമികള്‍ ഭജനമഠത്തില്‍ താമസിച്ച കുട്ടികളെ പൂജാദി കര്‍മ്മങ്ങള്‍ യഥാവിധി അഭ്യസിപ്പിച്ചു.പൂജാവിധികള്‍ പഠിച്ച ബാലന്മാര്‍ ക്ഷേത്രാചാരങ്ങള്‍ നിഷ്‌കര്‍ഷയോടെ ചെയ്തുവന്നു.


ഗോവിന്ദചാര്യ സ്വാമികളുടെ നിര്‍ദ്ദേശം അനുസരിച്ച് കൊല്ലം തോറും ശിവരാത്രി ദിവസം ക്ഷേത്രോത്സവം നടത്താന്‍ തുടങ്ങി.കാലക്രമേണ ഗോപാലന്‍ എന്ന ബാലന്‍ പ്രധാന ശാന്തിക്കാരന്‍ ആവുകയും ഗോപാലന്‍ ശാന്തി എന്നറിയപ്പെടുകയും ചെയ്തു .തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങളെല്ലാം നിര്‍വഹിച്ചു വന്നത് അദ്ദേഹമായിരുന്നു.

 

1979 മാര്‍ച്ച് മാസം ഇരുപത്തിയൊന്നാം തീയതി ഗോപാലന്‍ ശാന്തി നിര്യാതനായതിനു ശേഷവും ക്ഷേത്രവും ചുറ്റുമുള്ള സ്ഥലവും നാട്ടുകാര്‍ ഉള്‍പ്പെടുന്ന ക്ഷേത്രകാര്യ സമിതിക്ക് കൈമാറ്റം ചെയ്തു.പ്രസ്തുത സമിതിയാണ് ക്ഷേത്രത്തിന്റെ തുടര്‍ന്നുണ്ടായ വളര്‍ച്ചയ്ക്കും പ്രശസ്തിക്കും ഉള്ള സമസ്ത കാര്യങ്ങളും സുസ്ത്യര്‍ഹമായ നിലയില്‍ നിര്‍വഹിച്ചത്.

 

2007 ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ട്രസ്റ്റ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സമിതിയാണ് ഇപ്പോള്‍ ഈ ദേവാലയത്തിന്റെ ഭരണകാര്യങ്ങള്‍
കാര്യക്ഷമമായി നടത്തിവരുന്നത്.

 OTHER SECTIONS