തിരുവിതാംകൂർ മഹാരാജാവിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് വൈക്കം ക്ഷേത്രത്തിലെ അഷ്ടമി തിരുവുൽസവം നടന്നുവന്നിരുന്നത്. രാജ്യത്തെ ഏറ്റവും പ്രൌഢമായ ആനപ്പുറത്ത് എഴുന്നള്ളത്ത് വൈക്കത്തെ അഷ്ടമി വിളക്കായിരിക്കണമെന്ന് തിരുമനസിലെ ഇങ്കിതം അനുസരിച്ച് വിളക്കിനു വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും തിടമ്പേറ്റുന്ന ആനകൾക്കായി രണ്ട് സ്വർണനെറ്റിപ്പട്ടവും തങ്ക കുടകളും മഹാരാജാവ് തന്നെ നടയ്ക്ക് വച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും ഭാരമുള്ളതും മൂല്യമുള്ളതുമായ ഉദയനാപുരത്തപ്പന്റെ തിടമ്പ് നടയ്ക്കുവച്ചതും മറ്റാരുമല്ല. ഉൽസവം കഴിഞ്ഞ് കൽപ്പിച്ചകലശം എന്ന പേരിൽ മാർഗ്ഗഴി കലശം ക്ഷേത്രത്തിൽ നടന്നുവരുന്നു.
രാജാവ് ഒരിക്കൽ ക്ഷേത്ര ദർശ്ശനത്തിനായ് വേമ്പനാട്ട് കായലിന്റെ മറുകരയിലെത്തിയപ്പോൾ ഭയങ്കരമായ പേമാരിയുണ്ടായി. ആ അവസരത്തിൽ രാജനെയും പരിവാരങ്ങളെയും കായൽ കടത്തിയ ധീവരസമുദായത്തിലെ വള്ളക്കാരന്റെ കുടുംബത്തിന് രാജാവ് നേരിട്ട് അനുവദിച്ച് കൊടുത്ത അധികാരമാണ് അഷ്ടമി ഉൽസവത്തിന് കൊടിയേറ്റാനുള്ള കൊടിക്കയർ നിർമ്മിച്ച് സമർപ്പിക്കാനുള്ള അവകാശം. ക്ഷേത്രത്തിലെ ഊട്ടുപുരയ്ക്ക് മുൻപിലുള്ള കിണർ പെരുമ്പടപ്പ് സന്ധ്യാവേല എന്ന ചടങ്ങിന് കൊച്ചിരാജാവ് നിർമ്മിച്ചുനൽകിയതാണ്.