ശബരിമല 16 ന് തുറക്കും: ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്

By online desk .16 10 2020

imran-azhar

 

 

തിരുവനന്തപുരം: തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ഇതിനോടകം സന്നിധാനത്ത് വിന്യസിച്ചു കഴിഞ്ഞു. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 250 പേര്‍ക്കാണ് ഇന്ന് സന്നിധാനത്ത് പ്രവേശനം അനുവദിക്കുക. ശബരിമലയില്‍ എത്തുന്നതിന് 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മലകയറാന്‍ പ്രാപ്തരാണ് എന്ന് തെളിയിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

കോവിഡ് മുക്തി നേടിയ പലര്‍ക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മല കയറുമ്പോള്‍ അത്തരം പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട് എന്നതിനാലാണ് ആരോഗ്യക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കുന്നത്. വിര്‍ച്വല്‍ ക്യൂ ടിക്കറ്റില്‍ നിര്‍ദേശിച്ച അതേസമയത്ത് തന്നെ നിലയ്ക്കലില്‍ എത്താന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്നും മാസ്‌കും സാനിറ്റൈസറും കൈയുറകളും എല്ലാവരും കൈയില്‍ കരുതണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മല കയറുമ്പോള്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ലെന്നും നിശ്ചിത അകലം പാലിച്ചു വേണം മല കയറാനെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമേ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

OTHER SECTIONS