ഇക്കുറി വിദ്യാരംഭം വീട്ടിൽ തന്നെ നടത്താം ; എങ്ങനെ എഴുത്തിനിരുത്താം അറിയേണ്ടതെല്ലാം

By online desk .25 10 2020

imran-azhar

 

വിജയദശമിയും വിദ്യാരംഭവും ഒക്ടോബർ 26നു തിങ്കളാഴ്ച. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ പ്രഗല്ഭരായ ഗുരുക്കന്മാരുടെ അടുത്തോ ക്ഷേത്രങ്ങളിലോ ആദ്യാക്ഷരം കുറിക്കാൻ പല‍ർക്കും കഴിയില്ല. അതുകൊണ്ട് ഇക്കുറി വിദ്യാരംഭം വീട്ടിൽത്തന്നെ നടത്താം.

 

ലളിതമാണ് എഴുത്തിനിരുത്തൽ ചടങ്ങ്. മൂന്നാംവയസ്സിലാണ് എഴുത്തിനിരുത്തേണ്ടത്– രണ്ടാം പിറന്നാൾ കഴിഞ്ഞ് മൂന്നാം പിറന്നാളിനു മുൻപ്. മുത്തച്ഛനോ മുത്തശ്ശിയോ വീട്ടിലുണ്ടെങ്കിൽ അവർ തന്നെ ഗുരുവാകുന്നതാണു നല്ലത്. അല്ലെങ്കിൽ അച്ഛനോ അമ്മയോ കുട്ടിയെ എഴുത്തിനിരുത്താം.

 

വിദ്യാരംഭദിവസമായ തിങ്കളാഴ്ച അതിരാവിലെ കുളിച്ച് ഗണപതി ഭഗവാനെയും സരസ്വതീ ദേവിയെയും ഗുരുനാഥന്മാരെയും പ്രാ‍ർഥിച്ച് എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിക്കാം.

 

കരുതേണ്ട സാധനങ്ങൾ

 

ഉണക്കലരി (പച്ചരി ആയാലും മതി.)
മോതിരം (സ്വർണമോതിരമാണെങ്കിൽ നന്നായി)
നിലവിളക്ക്
പൂക്കൾ
ഗ്രന്ഥം

 

വിദ്യാരംഭം ഇങ്ങനെ

 

അതിരാവിലെ കിഴക്കോട്ടു തിരിഞ്ഞിരുന്നു വിദ്യാരംഭം നടത്തുന്നതാണു നല്ലത്. വിദ്യാദേവതയായ സരസ്വതീ ദേവിയുടെയോ നാം ആരാധിക്കുന്ന മറ്റേതെങ്കിലും ദേവീദേവന്മാരുടെയോ ഫോട്ടോ അഭിമുഖമായി വച്ച് അതിനു മുന്നിൽ നിലവിളക്ക് കത്തിച്ചുവയ്ക്കുക. തളിക പോലുള്ള പരന്ന പാത്രത്തിൽ ശുദ്ധമായ ഉണക്കലരി പരത്തിവയ്ക്കണം.

 

കുട്ടിയെ കുളിപ്പിച്ചു നല്ല വസ്ത്രം ധരിപ്പിച്ചു നിലവിളക്കിനു മുന്നിൽ നിർത്തുക.
ആദ്യം നിലവിളക്കിനു താഴെ പൂക്കൾ അർപ്പിച്ച് ഗണപതിയെ പ്രാർഥിച്ചു തൊഴുക. അതിനു ശേഷം വിദ്യാദേവതയായ സരസ്വതീദേവിയെ പ്രാർഥിച്ചു ചിത്രത്തിൽ പൂക്കൾ അർപ്പിച്ചു തൊഴുക. ‘സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ’ എന്നു ചൊല്ലിയാണു സരസ്വതിയെ പ്രാർഥിക്കുന്നത്. പിന്നീടു ഗുരുനാഥന്മാരെയും മനസ്സിൽ പ്രാർഥിക്കുക.

 


നിലത്തു പുൽപായയിലോ മറ്റോ ചമ്രം പടിഞ്ഞിരുന്നു വേണം വിദ്യാരംഭം നടത്താൻ. വീട്ടിലെ കാരണവർ മടിയിലിരുത്തി കുട്ടിയെക്കൊണ്ടും പ്രാർഥിപ്പിക്കണം. അതിനു ശേഷം കുട്ടിയുടെ നാവിൽ സ്വർണമോതിരം കൊണ്ട് ‘ഹരിഃ ശ്രീഗണപതയേ നമഃ’ എന്നു മൃദുവായി എഴുതുക. പറഞ്ഞുകൊണ്ടു വേണം എഴുതാൻ.അതുകഴിഞ്ഞു കുട്ടിയുടെ വലതുകൈവിരൽ പിടിച്ചു മുന്നിലുള്ള ഉണക്കലരിയിൽ ‘ഹരിഃ ശ്രീഗണപതയേ നമഃ’ എന്നു പറഞ്ഞ് എഴുതിക്കുക.

 

ഓരോ അക്ഷരം എഴുതുമ്പോഴും കുട്ടിയെക്കൊണ്ടു പറയിക്കുകയും വേണം. തുടർന്ന് ‘അ, ആ...’ എന്നു തുടങ്ങുന്ന സ്വരാക്ഷരങ്ങളും ‘ക, ഖ, ഗ, ഘ...’ എന്നു തുടങ്ങുന്ന വ്യഞ്ജനാക്ഷരങ്ങളും അരിയിൽ എഴുതിക്കാം. അതുകഴിഞ്ഞ് സരസ്വതീദേവിയെ വീണ്ടും പ്രാ‍‍ർഥിച്ചു പൂക്കൾ അർപ്പിക്കണം. നാവിൽ അക്ഷരം കുറിച്ച ഗുരുനാഥന്റെ മുന്നിൽ കുട്ടി ദക്ഷിണ വച്ചു നമസ്കരിക്കുന്നതോടെ ചടങ്ങു തീരും.മുഹൂർത്തം നോക്കണോ?

 

വിജയദശമി ദിവസം ആദ്യാക്ഷരം കുറിക്കാൻ മുഹൂർത്തം നോക്കേണ്ട കാര്യമില്ല. സൂര്യോദയത്തിനു ശേഷം മധ്യാഹ്നത്തിനു മുൻപു വിദ്യാരംഭം കുറിക്കുന്നതാണു കൂടുതൽ നല്ലത്. വിജയദശമി അല്ലാത്ത ദിവസം വിദ്യാരംഭം നടത്തുകയാണെങ്കിൽ നല്ല ദിവസവും നല്ല സമയവും നോക്കണമെന്നു മുഹൂർത്തഗ്രന്ഥങ്ങളിൽ പറയുന്നു.

 

മണലിലും അക്ഷരമെഴുതാം

 


ശുദ്ധമായ മണലിലും ആദ്യാക്ഷരമെഴുതാം. ഉണക്കലരിക്കു പകരം വെറും മണലിൽ ആദ്യാക്ഷരം കുറിക്കുന്ന രീതിയുമുണ്ട്.നേരത്തേ വിദ്യാരംഭം കഴിഞ്ഞ മുതിർന്നവർ എല്ലാ വർഷവും വിദ്യാരംഭദിനത്തിൽ വെറും നിലത്തു മണലിൽ ‘‘ഹരിഃ ശ്രീഗണപതയേ നമഃ’ എന്നു മൂന്നു തവണ കുറിച്ച് അക്ഷരദേവതയ്ക്കു മുന്നിൽ പുനരർപ്പണം നടത്തണം. പൂജയ്ക്കു വച്ച ഗ്രന്ഥങ്ങളിലൊന്ന് എടുത്തു സരസ്വതീസങ്കൽപത്തിനു മുന്നിലിരുന്നു വായിക്കുകയും ചെയ്യണം.എല്ലാ മതവിഭാഗങ്ങളിൽപെട്ടവർക്കും അവരവരുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ചു വിദ്യാരംഭം നടത്താം.

 

OTHER SECTIONS