ശബരിമല വികസന അതോറിറ്റി വരുന്നു; കാനനപാത തുറക്കും, എല്ലാം ഡിജിറ്റല്‍ ആകും

By Greeshma Rakesh.06 09 2023

imran-azhar

 


 

തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍പ്ലാനില്‍ വിഭാവനം ചെയ്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് ശബരിമല വികസന അതോറിറ്റിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

 

ഇതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് സമയത്തു തന്നെ നെയ്യഭിഷേകം ആഗ്രഹിക്കുന്നുണ്ടോ എന്ന വിവരം രേഖപ്പെടുത്താന്‍ അവസരം നല്‍കി നെയ്യഭിഷേകം ആഗ്രഹിക്കുന്നവര്‍ക്ക് പുലര്‍ച്ചെയുള്ള സ്ലോട്ടുകള്‍ അനുവദിക്കും. മാത്രമല്ല പമ്പ മുതല്‍ സന്നിധാനം വരെയുള്ള വിവിധ കേന്ദ്രങ്ങളിലും പതിനെട്ടാം പടി, ശ്രീകോവിലിനു മുന്‍വശം മുതലായ സ്ഥലങ്ങളിലും ആര്‍എഫ്ഐഡി സ്‌കാനറുകളും മറ്റും സ്ഥാപിക്കും.

 

തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയം തന്നെ മൊബൈല്‍ നമ്പറിലേയക്ക് ഇടത്താവളങ്ങളെക്കുറിച്ചും തീര്‍ഥാടനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും മെസേജായി ലഭ്യമാകും. കാനനപാത തുറന്നുകൊടുക്കും.

 

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുതല്‍ പ്രസാദ വിതരണം വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന് സമഗ്രമായ സോഫ്റ്റവെയര്‍ നിര്‍മിക്കും. ആര്‍എഫ്ഐഡി സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ക്യൂആര്‍ കോഡ് അടങ്ങിയ പാസ് അനുവദിക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ക്യൂആര്‍ കോഡ് ഓട്ടോമാറ്റിക്കായി സ്‌കാന്‍ ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തും.

 

ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തി. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് വരുന്ന ഓരോ ഭക്തനും സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് തന്ത്രിയുമായി കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

 

സംഭാവനകള്‍ക്കായി ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തും.പണമിടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനത്തിന് ബുക്ക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി പണമടച്ച് കൂപ്പണ്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.

 

OTHER SECTIONS