സന്ധ്യാവന്ദനത്തിന്റെ പ്രസക്തി

By Web Desk.29 04 2021

imran-azhar

 

 

ബ്രാഹ്മണ്യത്തിന്റെ തായ് വേര് അഥവാ കുലധർമ്മം എന്നത് നിഷ്കാമമായി രണ്ടു നേരവും ചെയ്യേണ്ടുന്ന സന്ധ്യാവന്ദനമാണ്. ബുദ്ധി എന്നത് ജ്ഞാനമാണ്. ആ ബുദ്ധിയെ നേർവഴിക്ക് നയിക്കുകയെന്നാൽ ,ധർമ്മവും അധർമ്മവും വിവേചിക്കാനുള്ള കഴിവാണ്. വിദ്യയും അവിദ്യയും വ്യക്തമാക്കാനുള്ള കഴിവാണ് ഗായത്രീ മന്ത്രജപം കൊണ്ട് ലഭിക്കുന്നത്. ബുദ്ധിയെ നേർവഴിക്ക് നയിക്കേണമേ എന്ന പ്രാർത്ഥനയാണ് ഗായത്രീ ജപം. അത് ഏകാഗ്രതയോടെ ജപിക്കണം. നമുക്ക് അതിന് അർഹത തന്ന ദേവന്മാരോടും ഋഷിമാരോടും പിതൃക്കളോടുമുള്ള നമ്മുടെ കടം വീട്ടാനാണ് ഇവർക്കെല്ലാം തർപ്പണം ചെയ്യുന്നത്.ഇവരെയെല്ലാം രണ്ട് നേരവും സ്മരിച്ചാൽ നമ്മുടെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മബലം കൈവരും.

 

ജന്മം കൊണ്ട് മാത്രം ഒരാൾ ബ്രാഹ്മണനാകുന്നില്ല. അത് ത്രികാല സന്ധ്യാവന്ദനത്തിലൂടെയുള്ള ഗായത്രി ഉപാസന കൊണ്ടാണ് നേടേണ്ടത്. സന്ധ്യാവന്ദനത്തിലൂടെ ആദിത്യോപാസന നടക്കുന്നതിനാൽ സർവ്വദേവോപാസനയും സുസാദ്ധ്യമാകുന്നു. ഗായത്രി 'ഗായന്തം ത്രായതേ ഇതി - ഗായത്രി ' - ആരാണോ ഈ മന്ത്രം ജപിക്കുന്നത്, അവനെ രക്ഷിക്കുന്നവളാണ് ഗായത്രി. ഗായത്രീ ദേവി ഉപാസകനെ പൂർണ്ണമായും സംരക്ഷിക്കുന്നു. ഈ മന്ത്രത്തിന്റെ ഉപജ്ഞാതാവായ ഋഷി വിശ്വാമിത്രനാണ്. പ്രണവത്തിന്റെ ബ്രഹ്മാവും.

 

കൗമാരപ്രായത്തിൽ ഉപനീതനായി ആചാര്യ സമീപത്തിരുന്ന് അഭ്യസിക്കുന്ന ബ്രഹ്മവിദ്യയുടെ ജീവിതാന്ത്യം വരെയുള്ള അനുഷ്ഠാന നിഷ്ഠയാണ് സന്ധ്യാവന്ദനത്തിലൂടെ ഉറപ്പ് വരുത്തുന്നത്. അദ്ധ്യയനം, അദ്ധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം എന്നീ 6 കാര്യങ്ങളാണ് ബ്രാഹ്മണർക്ക് വിധിച്ചിട്ടുള്ള ഷഡ്കർമ്മങ്ങൾ. ക്ഷത്രിയർക്ക് മൂന്നും. എന്നാൽ സന്ധ്യോ പാസനകൾ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ഒരുപോലെ നിർബന്ധമായി അനുഷ്ഠിക്കേണ്ടതാണ്.ഈ രണ്ട് കൂട്ടരും ഇത് ഉപേക്ഷിച്ചതുകൊണ്ടാണ് നാടിന്റെ ധർമ്മം ക്ഷയിച്ച് കൊണ്ടിരിക്കുന്നത്. രണ്ടു നേരവും സന്ധ്യാവന്ദനം ചെയ്ത് 10 ഗായത്രിയെങ്കിലും ചെയ്യാതെ ശ്രാദ്ധമൂട്ടുന്നതും, ദാനം വാങ്ങുന്നതും, പൂജ ചെയ്യുന്നതും നമുക്കും അടുത്ത തലമുറക്കും ദുരിതമാണ് വരുത്തുന്നത്.

 

ഗായത്രീ മന്ത്രത്തിൽ 10 വാക്കുകളാണ്. 24 അക്ഷരങ്ങളാണ്. 108 ഗായത്രിയാണ് രണ്ട് നേരവും ചൊല്ലേണ്ടത്.ചുരുങ്ങിയത് 24 അല്ലെങ്കിൽ 10 എങ്കിലും വേണം. കുളത്തിൽ കുളിച്ചില്ലെങ്കിലും ,കുളിമുറിയിൽ കുളിച്ചായാലും ഗായത്രി ഉപാസന മുടക്കരുത്. തല നനച്ച് കുളിക്കുന്നില്ലെങ്കിൽ തർപ്പണം വേണ്ട, മറ്റുള്ളതൊന്നും മുടക്കരുത്. തീരെ അവശനായി കിടക്കുകയാണെങ്കിലും മനസ്സുകൊണ്ടെങ്കിലും സന്ധ്യാവന്ദനം ചെയ്യണം. വെള്ളം കിട്ടാത്ത സന്ദർഭമാണെങ്കിൽ പകരം മണലെടുത്തെങ്കിലും സന്ധ്യാവന്ദനം ചെയ്യണം എന്നാണ് അഭിജ്ഞ മതം. മരിച്ച പുലയാണെങ്കിൽ പോലും ഗായത്രി ജപിക്കാം. മറ്റ് മന്ത്രങ്ങളെല്ലാം മനസ്സ് കൊണ്ട് ജപിച്ചാൽ മതി. അച്ഛനോ അമ്മയോ മരിച്ച് കിടക്കുകയാണെങ്കിൽ പോലും സന്ധ്യാവന്ദനത്തിനുള്ള സമയമാണെങ്കിൽ അത് കഴിഞ്ഞേ സംസ്കാരം കൂടി പാടുള്ളൂ . ഇതിന് മാത്രം അനദ്ധ്യായമില്ല. അത്രയും മഹത്വരമാണ് ഗായത്രീ ഉപാസന.

 

OTHER SECTIONS