By santhisenanhs.04 08 2022
സാധാരണക്കാരന്റെ വാഹനം എന്ന നിലയിൽ ഇന്ത്യയിൽ ഏറ്റവുമധികം സ്വീകാര്യത നേടിയ വാഹനമാണ് മാരുതിയുടെ ആൾട്ടോ. 796 സി.സി. എൻജിനിൽ മാരുതിയുടെ എൻട്രി ലെവൽ വാഹനമായി എത്തിയ ആൾട്ടോ വലിയ മാറ്റത്തിനൊരുങ്ങുകയാണ്. ലുക്കിലും ഫീച്ചറിലും വരുത്തുന്ന മാറ്റത്തിന് പുറമെ, മെക്കാനിക്കലായ മാറ്റത്തിനായിരിക്കും ഇത്തവണ ആൾട്ടോ പ്രാധാന്യം നൽകുകയെന്നാണ് വിവരം. ചെറിയ മുഖം മിനുക്കലും വലിയ മെക്കാനിക്കൽ മാറ്റവുമായി എത്തുന്ന ആൾട്ടോ ഓഗസ്റ്റ് 18-ന് അവതരിപ്പിച്ചേക്കും.
ഇപ്പോൾ പുറത്തുവന്നിട്ടുള്ള ആപ്രൂവൽ സർട്ടിഫിക്കറ്റ് അനുസരിച്ച് 1.0 ലിറ്റർ ഓപ്‌ഷനിലും ആൾട്ടോ നിരത്തുകളിൽ എത്തുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. നാളിത്രയും മാനുവൽ ട്രാൻസ്മിഷനിൽ മാത്രമെത്തിയിരുന്ന ആൾട്ടോയിൽ ഇനി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്ഥാനം പിടിക്കുന്നതും ഈ വരവിലെ സവിശേഷതയാകും. ഓട്ടോമാറ്റിക് വാഹനങ്ങൾക്കുള്ള ആവശ്യക്കാർ വർധിച്ച് വരുന്നത് കണക്കിലെടുത്താണ് എൻട്രി ലെവൽ വാഹനമായ ആൾട്ടോയിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകുന്നതെന്നാണ് വിലയിരുത്തൽ.
ആൾട്ടോ കെ10 എന്ന പേരിലായിരിക്കും മുഖം മിനുക്കിയ ആൾട്ടോ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റർ കെ10 സി പെട്രോൾ എൻജിനിലും അഞ്ച് സ്പീഡ് മാനുവൽ-ഓട്ടോ ഗിയർ ഷിഫ്റ്റ് ട്രാൻസ്മിഷനിലുമായി 11 വേരിയന്റുകളിലായിരിക്കും പുതിയ ആൾട്ടോ വിപണിയിൽ എത്തുന്നത്. പുതിയ എൻജിൻ ഓപ്ഷൻ എത്തുന്നതോടെ മുൻ മോഡലുകളിൽ നൽകിയിരുന്ന 796 സി.സി. എൻജിനിൽ ആൾട്ടോ എത്തുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തയില്ല.
പുതിയ ആൾട്ടോയിൽ സ്ഥാനം പിടിക്കുന്ന കെ10സി പെട്രോൾ എൻജിൻ 998 സി.സിയിൽ 66 ബി.എച്ച്.പി. പവറും 89 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാരുതിയുടെ മറ്റ് മോഡലുകളായ വാഗൺആർ, സെലേറിയോ, എസ്-പ്രെസോ തുടങ്ങിയ മോഡലുകളിലും ഈ എൻജിൻ കരുത്തേകുന്നുണ്ട്. VXi, VXi(O), VXi +, VXi+(O) എന്നീ നാല് വേരിയന്റുകളിലായിരിക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകുകയെന്നാണ് റിപ്പോർട്ട്. മറ്റ് വേരിയന്റുകളിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ തുടരും.
ഡിസൈനിൽ കാര്യമായ അഴിച്ച് പണി വരുത്തിയാണ് പുതിയ ആൾട്ടോയുടെ വരവ്. മാരുതിയുടെ സിഗ്‌നേച്ചറായ ടോൾബോയി ഡിസൈനിലായിരിക്കും ആൾട്ടോ എത്തുക. സെലേറിയോയിൽ നിന്നുള്ള ഡിസൈൻ എലമെന്റുകൾ ആൾട്ടോയിലും നൽകിയായിരിക്കും മുഖഭാവം അലങ്കരിക്കുക. പുതിയ ഗ്രില്ല്, മുൻ മോഡലിലേതിനെക്കാൾ വലിപ്പമുള്ള ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുള്ള ടെയിൽലൈറ്റുകൾ, വലിയ ടെയ്ൽഗേറ്റ്, പൂർണമായും മാറിയ റിയർ ബമ്പർ എന്നിവ ഡിസൈൻ പുതുമകളാകും.
ഫീച്ചറുകളുടെ കാര്യത്തിൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാം. സ്മാർട്ട് ഫോൺ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, പൂർണമായും പുതുക്കി പണിയുന്ന ഡാഷ്ബോർഡ്, മുൻ മോഡലിൽ നിന്ന് മാറിയ സെന്റർ കൺസോൾ, എൻജിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ, കീലെസ് എൻട്രി തുടങ്ങിയ പുതുതലമുറ ഫീച്ചറുകളായിരിക്കും മാരുതിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോയിൽ ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്.