ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രം​ഗത്തേക്ക് ദുല്‍ഖര്‍; ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍, വിതരണം തുടങ്ങി

By Lekshmi.01 03 2023

imran-azhar

 

 


വാഹനങ്ങളോട് ഏറെ താല്‍പര്യം പുലര്‍ത്തുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തെ നവാഗതരായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന കമ്പനിയുടെ ആദ്യകാല നിക്ഷേപകരിൽ ഒരാളാണ് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ.ഇന്ത്യന്‍ വൈദ്യുത ബൈക്ക് വിപണിയില്‍ വേഗത്തിലും സാങ്കേതിക മികവിലും മുന്നിട്ടു നില്‍ക്കുന്ന അള്‍ട്രാവയലറ്റ് അവരുടെ എഫ് 77 ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ വിതരണം ആരംഭിച്ചു.ഇ.വി സ്റ്റാര്‍ട്ട്പ്പായ അള്‍ട്രാവയലറ്റ് തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ ബെംഗളൂരുവിലാണ് നിര്‍മിക്കുന്നത്.

 

 

എഫ് 77, എഫ് 77 റെക്കോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.ഔദ്യോഗികമായ പുറത്തിറക്കി മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് അള്‍ട്രാവയലറ്റ് തങ്ങളുടെ വൈദ്യുത മോട്ടോര്‍ സൈക്കിളുകളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്.മാര്‍ച്ചില്‍ ആദ്യ ഡീലര്‍ഷിപ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കമ്പനി ഇപ്പോള്‍ മോട്ടോര്‍ സൈക്കിളുകള്‍ ബെംഗളൂരുവിലെ നിര്‍മാണശാലയില്‍ വച്ചു തന്നെയാണ് ഉടമകള്‍ക്ക് കൈമാറുന്നത്. 3.80 ലക്ഷം രൂപ മുതല്‍ 4.55 ലക്ഷം രൂപ വരെയാണ് എഫ് 77 മോഡലുകള്‍ക്ക് വിലയിട്ടിരിക്കുന്നത്.വില വച്ചു നോക്കിയാല്‍ കെടിഎം ആര്‍സി 390ക്കും കാവസാക്കി നിന്‍ജ 400നും ഇടയിലാണ് ഇവയുടെ സ്ഥാനം.

 

 

 

ഇന്ത്യയില്‍ വൈദ്യുത മോട്ടോര്‍ സൈക്കിളുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേഞ്ച് 307 കിലോമീറ്ററുള്ള എഫ് 77 റെക്കോണിനാണ്.95Nm ടോര്‍ക്കും 39 BHP കരുത്തും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ മോഡലിലുള്ളത്.10.3kWh ബാറ്ററി പാക്ക് ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹനങ്ങളിലെ തന്നെ വലുതാണ്.ഒല എസ്1 പ്രോക്കുള്ളത് 4kWh ബാറ്ററി പാക്കാണ്.എഫ് 77 മോഡലിന് 36 BHPയും 85 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണുള്ളത്.7.1 kWh ബാറ്ററിയുള്ള ഈ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിന് ഒറ്റ ചാര്‍ജില്‍ 206 കിലോമീറ്റര്‍ വരെ പോകാനാവും.

 

 

 

അള്‍ട്രാവയലറ്റ് കൂട്ടത്തില്‍ എഫ് 77 ലിമിറ്റഡ് എഡിഷനും പുറത്തിറക്കിയിട്ടുണ്ട്.ആകെ 77 മോട്ടോര്‍ സൈക്കിളുകള്‍ മാത്രമാണ് സ്‌പെഷല്‍ എഡിഷനില്‍ ഇറക്കിയിരിക്കുന്നത്.ഇതിന് 40BHPയും 100Nm ഉം ഉത്പാദിപ്പിക്കാനാവുന്ന മോട്ടോറാണുള്ളത്.7.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാനും ഈ സ്‌പെഷല്‍ എഡിഷന്‍ വാഹനത്തിന് സാധിക്കും.

 

 

മണിക്കൂറില്‍ 152 കിലോമീറ്ററാണ് ഈ വൈദ്യുത മോട്ടോര്‍ സൈക്കിളിന്റെ പരമാവധി വേഗത.തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 120 ദശലക്ഷം ഡോളര്‍(ഏകദേശം 992 കോടി രൂപ) നിക്ഷേപവും അള്‍ട്രാവയലറ്റ് സ്വീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തിലേക്ക് തങ്ങളുടെ വൈദ്യുത ബൈക്കുകള്‍ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.ആദ്യഘട്ടമെന്ന നിലയില്‍ 55 ദശലക്ഷം ഡോളര്‍(ഏകദേശം 455 കോടി രൂപ) നിക്ഷേപം ഇവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ടി.വി.എസ് മോട്ടോഴ്‌സ്, യൂറോപ്പിലെ എക്‌സോര്‍ ക്യാപിറ്റല്‍, അമേരിക്കയിലെ ക്വാല്‍കോം വെന്‍ച്വേഴ്‌സ് എന്നിങ്ങനെ പ്രമുഖരാണ് അള്‍ട്രാവയലറ്റില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

 

 

 

OTHER SECTIONS