By Shyma Mohan.30 01 2023
ന്യൂഡല്‍ഹി: അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെ വിമര്‍ശിച്ച് അദാനി ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ്.
അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഒരു ഗവേഷണവും നടത്തിയിട്ടില്ലെന്നും കോപ്പി-പേസ്റ്റ് വെളിപ്പെടുത്തലുകളാണെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിഎഫ്ഒ ജുഗേഷിന്ദര്‍ പറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വ്യാജമാണ്. എന്തുകൊണ്ടാണ് അവര്‍ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതെന്ന് ഹിന്‍ഡന്‍ബര്‍ഗിനോട് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടുത്തിടെ അദാനി ഗ്രൂപ്പിനെ കുറിച്ച് 400-ലധികം പേജുകളുള്ള ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്തമായ സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളര്‍ന്നത് വന്‍ തട്ടിപ്പ് വഴിയാണെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇതെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച 88 ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചതായി അദാനി ഗ്രൂപ്പ് സിഎഫ്ഒ പറഞ്ഞു.'ഇവയില്‍ അറുപത്തിയെട്ട് ചോദ്യങ്ങളും വ്യാജവും തെറ്റായി പ്രതിനിധാനം ചെയ്യുന്നതുമാണ്. അവര്‍ ഒരു ഗവേഷണവും നടത്തിയില്ല - അവര്‍ കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു, അവര്‍ ഗവേഷണം നടത്തി മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചു. പൊതുജനങ്ങള്‍, നിങ്ങള്‍ അവരോട് ചോദിക്കണം, എന്തുകൊണ്ടാണ് അവര്‍ 68 ചോദ്യങ്ങള്‍ തെറ്റായി പ്രതിനിധീകരിച്ചതെന്ന് ' അഭിമുഖത്തിനിടെ സിംഗ് പറഞ്ഞു.
ബാക്കിയുള്ള 20 ചോദ്യങ്ങളെ സംബന്ധിച്ച്, അവയില്‍ ചിലത് വ്യാജമാണെന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഒ പറഞ്ഞു. അദാനി ഗ്രൂപ്പ് സിഎഫ്ഒയുടെ അഭിമുഖത്തിന് തൊട്ടുപിന്നാലെ, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രതികരണവുമായി എത്തിയിരുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയ്ക്കും എതിരായ ആക്രമണമെന്ന അദാനി ഗ്രൂപ്പിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ഹിന്‍ഡന്‍ബര്‍ഗ് എത്തിയത്. തട്ടിപ്പ് തന്നെയാണ്, ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനകില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചു.
അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ വിശദമായ മറുപടിയുമായി അദാനി ഗ്രൂപ്പ്. ആരോപണങ്ങള്‍ നുണയല്ലാതെ മറ്റൊന്നും അല്ലെന്നും ഇത് ഇന്ത്യയ്ക്കെതിരായ ആസൂത്രിത നീക്കമാണെന്നും പ്രതികരിച്ചു. 413 പേജുള്ള വിശദീകരണ കുറിപ്പിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഹിന്‍ഡന്‍ബര്‍ഗിന്റേത് കേവലം ഏതെങ്കിലും ഒരു കമ്പനിയ്ക്ക് നേരെയുള്ള ആക്രമണമല്ല. ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്കും അതിന്റെ വളര്‍ച്ചാ കഥയ്ക്കും നേരയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണിതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനായി ഗൂഢലക്ഷ്യമുണ്ടെന്നും അദാനി ഗ്രൂപ്പ് ആരോപിക്കുന്നു.
പൊതു മധ്യത്തില്‍ ലഭ്യമായ വിവരങ്ങളെ തെറ്റായ വ്യാഖ്യാനിച്ച് ഹിന്‍ഡന്‍ബര്‍ഗ് നുണപ്രചാരണം നടത്തിയെന്ന് കമ്പനി കുറ്റപ്പെടുത്തി. വിദേശത്ത് ഷെല്‍ കമ്പനികള്‍ ഉണ്ടെന്ന ആരോപണം തെറ്റാണ്. വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്ക് അറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.