ആഗോളതലത്തില്‍ റബ്ബര്‍ ഉല്പന്നങ്ങളുടെ ആവശ്യം വര്‍ധിക്കുന്നു: സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍. കലൈസെല്‍വി

By Web Desk.14 03 2023

imran-azhar

 

 


photo: 'വണ്‍ വീക്ക് വണ്‍ ലാബ്' സമ്മേളനം സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലും ഡിഎസ്ഐആര്‍ സെക്രട്ടറിയുമായ ഡോ. എന്‍. കലൈസെല്‍വി ഉദ്ഘാടനം ചെയ്യുന്നു. എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. ജാവേദ് ഇക്ബാല്‍, സിഎസ്ഐആര്‍- എന്‍.ഐ.ഐ.എസ്.ടി ചീഫ് സയന്റിസ്റ്റ് ഡോ.പി.നിഷി എന്നിവര്‍ സമീപം

 


തിരുവനന്തപുരം: ആഗോള തലത്തില്‍ റബ്ബര്‍ ഉല്പന്നങ്ങളുടെ ആവശ്യം വര്‍ധിച്ചുവരുന്നതായി സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലും ഡിഎസ്ഐആര്‍ സെക്രട്ടറിയുമായ ഡോ. എന്‍. കലൈസെല്‍വി. സാഹചര്യത്തില്‍ എന്‍.ഐ.ഐ.എസ്.ടി ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാപ്പനംകോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) കാമ്പസില്‍ 'വണ്‍ വീക്ക് വണ്‍ ലാബ്' സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

 

നിലവില്‍ റബ്ബര്‍ ഉല്പന്നങ്ങള്‍ക്കായി ഇന്ത്യ വലിയ തോതില്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും റബ്ബര്‍ കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ഇത് മറികടക്കാനാകും. കേരളത്തിലെ റബ്ബര്‍ കൃഷിയുടെ വളര്‍ച്ച, റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, ഇതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍, റബ്ബര്‍ കര്‍ഷകര്‍ക്കുള്ള സഹായം, കര്‍ഷകര്‍ക്ക് വിപണി കണ്ടെത്തല്‍ എന്നിവയില്‍ എന്‍.ഐ.ഐ.എസ്.ടിക്ക് വലിയ പങ്ക് വഹിക്കാനാകും. റബ്ബര്‍ പോലെ തന്നെ കയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വളര്‍ച്ചയിലും വ്യാപനത്തിലും എന്‍.ഐ.ഐ.എസ്.ടിക്ക് വ്യാവസായിക ഇടപെടല്‍ നടത്താനാകുമെന്നും കലൈസെല്‍വി കൂട്ടിച്ചേര്‍ത്തു.

 

അടുത്ത 25 വര്‍ഷം മറ്റു പല മേഖലകളിലെയും പോലെ ശാസ്ത്രമേഖലയും ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്ന് തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കലൈസെല്‍വി പറഞ്ഞു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി മെഡിക്കല്‍ മാലിന്യങ്ങളില്‍ നിന്ന് ജൈവവളവും കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് തുകല്‍ ഉല്പന്നങ്ങളും നിര്‍മ്മിച്ചത് എന്‍.ഐ.ഐ.എസ്.ടിയുടെ മികച്ച നേട്ടമാണ്. ഈ മാതൃകയില്‍ പുതിയ പദ്ധതികളും തന്ത്രങ്ങളും ആവിഷ്‌കരിക്കണമെന്നും കലൈസെല്‍വി പറഞ്ഞു. വണ്‍ വീക്ക് വണ്‍ ലാബിന്റെ ഭാഗമായുള്ള മില്ലറ്റ് ഫെസ്റ്റിവെലിന്റെ ഉദ്ഘാടനവും കലൈസെല്‍വി നിര്‍വ്വഹിച്ചു.

 

മില്ലറ്റ് ഫെസ്റ്റിവെലും എംഎസ്എംഇ മേഖലയ്ക്ക് പിന്തുണ നല്‍കുന്ന പരിപാടികളും വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു.


ഗവേഷണങ്ങള്‍ക്കാവശ്യമായ എല്ലാ പശ്ചാത്തലസൗകര്യങ്ങളും വിഭവങ്ങളും എന്‍.ഐ.ഐ.എസ്.ടിയില്‍ ഉണ്ടെന്നും കൂടുതല്‍ നൂതന ഗവേഷണങ്ങള്‍ ഉണ്ടാകണമെന്നും വിശിഷ്ടാതിഥിയായ സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. ജാവേദ് ഇക്ബാല്‍ പറഞ്ഞു. സിഎസ്ഐആര്‍- എന്‍.ഐ.ഐ.എസ്.ടി ചീഫ് സയന്റിസ്റ്റ് ഡോ.പി.നിഷി ചടങ്ങില്‍ സംബന്ധിച്ചു. എന്‍.ഐ.ഐ.എസ്.ടിക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി.

 

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു (സി.എസ്.ഐ.ആര്‍) കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ചത്തെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് എന്‍ഐഐഎസ്ടിയില്‍ സമ്മേളനം നടക്കുന്നത്. എന്‍ഐഐഎസ്ടി ലബോറട്ടറി കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളുടെയും പൈതൃകത്തിന്റെയും നൂതന കണ്ടുപിടിത്തങ്ങളുടെയും പ്രദര്‍ശനത്തിന് 18 വരെ നടക്കുന്ന സമ്മേളനം സാക്ഷ്യം വഹിക്കും.

 

ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് മില്ലറ്റ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. മില്ലറ്റ് ഫെസ്റ്റിവെലിന്റെ ഭാഗമായുള്ള കര്‍ഷകസംഗമത്തില്‍ വിവിധ ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍ പങ്കെടുത്തു.

 

ദേശീയ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഫലപ്രദമായി മാറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ വണ്‍ വീക്ക് വണ്‍ ലാബിന്റെ ഭാഗമായുള്ള സെമിനാര്‍ സെഷനുകളില്‍ ചര്‍ച്ച ചെയ്യും. പൃഥ്വി, ആയുര്‍സ്വാസ്ത്യ, ശ്രീ അന്ന, രക്ഷ, ഊര്‍ജ്ജ എന്നീ പ്രമേയങ്ങളിലായി നടക്കുന്ന സെമിനാറുകളില്‍ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും പങ്കെടുക്കും.

 

 

 

 

OTHER SECTIONS