ധനലക്ഷ്മി ബാങ്ക് ഡയറക്ടർ രാജിവച്ചു; പിന്നാലെ ബാങ്ക് ഓഹരികളിൽ കടുത്ത ചാഞ്ചാട്ടം

By Greeshma Rakesh.19 09 2023

imran-azhar

 

 

തിരുവനന്തപുരം: കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായ ശ്രീധർ കല്യാണസുന്ദരം രാജിവെച്ചു.ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമകളിലൊരാൾ അദ്ദേഹത്തെ പുറത്താക്കാൻ ഡയറക്ടർ ബോർഡിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രാജി.

 

2022 ഡിസംബറിലാണ് അദ്ദേഹം ഡയറക്ടർ ബോർഡ് അംഗമായി നിയമിതനായത്.അവകാശ ഓഹരി പ്രശ്നവും മൂലധന പര്യാപ്തയിലും ബാങ്കിന്റെ ഡയറക്ടർ ബോർഡുമായി കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തതിനെ തു‌ടർന്നാണ് ശ്രീധർ കല്യാണ സുന്ദരം രാജിവെച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

 

പിന്നാലെ ബാങ്കിന്റെ ഓഹരികളിൽ വൻ ചാഞ്ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.വെള്ളിയാഴ്ച 29.25 രൂപയിൽ ക്ലോസ് ചെയ്ത ധനലക്ഷ്മി ബാങ്ക് ഓഹരികൾ, 4 ശതമാനത്തിലധികം നഷ്ടം നേരിട്ട് 27.95 രൂപയിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം പുനരാരംഭിച്ചത്. തുടർന്ന് 26.55 രൂപയിലേക്ക് കൂപ്പുകുത്തിയ ഓഹരികൾ, പിന്നാലെ 11 മണിയോടെ 15 ശതമാനത്തിലധികം കുതിച്ചുയർന്ന് 33.80 രൂപയിലേക്ക് മുന്നേറി. ഒടുവിൽ 4 ശതമാനം നേട്ടത്തോടെ 30.55 രൂപയിലാണ് ചൊവ്വാഴ്ചത്തെ ക്ലോസിങ് നടന്നത്.

 


മാനേജ്‌മെന്റുമായുള്ള ബാങ്കിന്റെ അഭിപ്രായവ്യത്യാസങ്ങളാണ് ശ്രീധറിന്റെ പുറത്താകലിന് കാരണമായത്. ബാങ്ക് നിലവിലുള്ള ഓഹരിയുടമകളിൽനിന്ന് അവകാശ ഓഹരികളുടെ വിൽപ്പനയിലൂടെ 130 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുകയാണ്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതാണ് ഒരുവിഭാഗം ഓഹരിയുടമകളെ ചൊടിപ്പിച്ചത്.

 

130 കോടി രൂപകൊണ്ട് ഒന്നുമാകില്ലെന്നും അംഗീകൃത മൂലധനം നിലവിലുള്ള 400 കോടിയിൽനിന്ന് 5,000 കോടി രൂപയാക്കണമെന്നുമുള്ള നിലപാടിലാണ് അദ്ദേഹം. അതെസമയം ബാങ്കിന്റെ എം.ഡി., ഡയറക്ടർമാർ എന്നിവർക്കെതിരേയും ശക്തമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

 

അതിനിടെ, ബാങ്കിന്റെ ഓഹരിവില വെള്ളിയാഴ്ച 19.98 ശതമാനം കുതിച്ചുയർന്ന് 29.25 രൂപയിലെത്തി. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഡയറക്ടറുടെ രാജിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ജെ.കെ. ശിവൻ വ്യക്തമാക്കി.

 

 

OTHER SECTIONS