By Shyma Mohan.18 01 2023
ഭോപ്പാല്‍: സ്ഥിരമായ മര്‍ദ്ദിക്കുന്നുവെന്നും സ്‌നേഹിക്കുന്നില്ലെന്നും ആരോപിച്ച് 16കാരന്‍ അമ്മയെ വെടിവെച്ചുകൊന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തന്നെയാണ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് താന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് അറിയിച്ചത്. ഭഗത് കോളനിയിലെ സപ്‌ന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
മധ്യപ്രദേശിലെ തികംഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നഗരത്തിലെ ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ വീട്ടിലാണ് കൊലപാതകം അരങ്ങേറിയത്. ദമ്പതികളുടെ ഏക മകനാണ് പ്രതി. പ്ലസ് വണ്ണിന് പഠിക്കുകയാണ് 16കാരന്‍. പിതാവ് ജോലിക്കായി ബാങ്കില്‍ പോയ നേരത്താണ് മകന്‍ അമ്മയെ വെടിവെച്ചു കൊന്നത്. അച്ഛന്റെ പേരില്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ഈ വിദ്യാര്‍ത്ഥി സ്വന്തം അമ്മയെ വെടിവെച്ചു കൊന്നത്. സംഭവസ്ഥലത്തു വെച്ചുതന്നെ അമ്മ മരണപ്പെട്ടതായി പൊലീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് അടിയന്തിരമായി വീട്ടിലേക്ക് വരണമെന്നാണ് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടത്. എന്താണ് സംഭവമെന്ന് ആരാഞ്ഞപ്പോള്‍, അമ്മയെ താന്‍ കൊന്നു എന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലീസ് വീട്ടിലെത്തുമ്പോള്‍ ചോരയില്‍ കുളിച്ച അമ്മയുടെ മൃതദേഹത്തിന് സമീപം തന്നെ മകനുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ പൊലീസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.
അമ്മയുടെ നിരന്തരമായ പീഡനങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് പ്രതി പറഞ്ഞു. ആളുകളുടെ മുന്നില്‍ വെച്ച് നിരന്തരം തല്ലുമായിരുന്നു. പലവട്ടം പിതാവിനോട് പറഞ്ഞിട്ടും സ്വന്തം പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ അമ്മ തയ്യാറായില്ല. തുടര്‍ന്നാണ് നിവൃത്തിയില്ലാതെ അമ്മയെ വധിച്ചതെന്നാണ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.