By Shyma Mohan.12 08 2022
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരക്കേറിയ മാളവ്യ നഗര്‍ മാര്‍ക്കറ്റില്‍ കാഴ്ചക്കാര്‍ നോക്കിനില്‍ക്കേ അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. തര്‍ക്കത്തിന് പിന്നാലെ സംഘം ഷാപൂര്‍ ജാട്ടിലെ മായങ്ക് പന്‍വാര്‍ എന്ന 25കാരനെ കുത്തുകയായിരുന്നു.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെ മാളവ്യ നഗറില്‍ ബേഗംപൂരിലെ കിലയില്‍ ഇരിക്കുകയായിരുന്നു മായങ്കും താനുമെന്ന് സുഹൃത്ത് വികാസ് പന്‍വാര്‍ പറഞ്ഞു. പെട്ടെന്ന് അജ്ഞാതരായ അഞ്ചുപേര്‍ അവരുടെ അടുത്തേക്ക് വരികയും മായങ്കുമായി വഴക്കുണ്ടാക്കുകയായിരുന്നു. സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ ഇവര്‍ക്കെതിരെ പ്രതികള്‍ കല്ലെറിയുകയും പിന്തുടരുകയുമായിരുന്നെന്ന് സുഹൃത്ത് പോലീസിന് മൊഴി നല്‍കി. പിന്നാലെ മായങ്കിനെ കീഴ്‌പ്പെടുത്തുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു.
സുഹൃത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ തിരിച്ചറിഞ്ഞതായും പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.