By Shyma Mohan.22 09 2022
മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 15 വയസ്സുകാരിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത് നഗ്നയായി റോഡിലൂടെ നടത്തിയതായി പരാതി. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്ന് 15 ദിവസത്തിനുശേഷമാണ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പീഡനത്തിനുശേഷം അമിത രക്തസ്രാവമുണ്ടായ പെണ്‍കുട്ടി നഗ്നയായി റോഡിലൂടെ വീട്ടിലേക്ക് നടന്നത് രണ്ടുകിലോമീറ്റര്‍. നിസ്സാഹായതയും ഞെട്ടലും നിറഞ്ഞ അവസ്ഥയില്‍ നടക്കുന്ന പെണ്‍കുട്ടിയെ ആരും സഹായിക്കുന്നതിനായി മുന്നോട്ടുവന്നില്ല. പകരം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വീഡിയോയില്‍ കാണാം.
അയല്‍ഗ്രാമത്തിലെ ഒരു മേളയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഒരു ഗ്രാമവാസി സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമായി പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ അമ്മാവന്‍ ആരോപിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചതിന് പിന്നാലെയാണ് കേസെടുത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.