ഒയോ ഹോട്ടലില്‍ മുറിയെടുത്തു; തര്‍ക്കം മൂത്തപ്പോള്‍ കാമുകിയെ വെടിവെച്ചുകൊന്നു

By Shyma Mohan.23 11 2022

imran-azhar

 

ന്യൂഡല്‍ഹി: ഡല്‍ഹി നരേലയിലെ ഒയോ ഹോട്ടലില്‍ മുറിയെടുത്ത് 38കാരന്‍ കാമുകിയെ വെടിവെച്ചു കൊന്നു. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ യുവതിയെ വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പില്‍ ഗീത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കാമുകിയെ വെടിവെച്ച് കൊന്ന ശേഷം പ്രവീണ്‍ സ്വന്തം തലയ്ക്ക് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

നെഞ്ചില്‍ വെടിയേറ്റ ഗീത തല്‍ക്ഷണം മരിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ഇതിനിടെ ഇരുവരും രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പ്രകോപിതനായ പ്രവീണ്‍ കാമുകിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. വെടിവെപ്പിനെ തുടര്‍ന്ന് ഹോട്ടലില്‍ പരിഭ്രാന്തി പരന്നെങ്കിലും പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. ഗീതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

 

വിവാഹിതനാണ് പ്രവീണ്‍. നേരത്തെയും ഇയാള്‍ കൊലപാതകക്കേസില്‍ പ്രതിയായിട്ടുണ്ട്. സെപ്തംബര്‍ 21നായിരുന്നു ഒരു യുവാവിനെ വെടിവെച്ചത്. സംഭവത്തില്‍ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു.

 

OTHER SECTIONS