By Shyma Mohan.08 11 2022
ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു. കിസ്നാറാം ഭീല്‍ എന്ന 45 കാരനാണ് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്. പ്രാദേശിക കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മോര്‍ച്ചറിക്ക് പുറത്ത് ധര്‍ണ നടത്തി. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും കിസ്നാറാമിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ കിസ്നാറാമിനെ മര്‍ദിച്ച ശേഷം ഒരു മണിക്കൂറോളം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ പ്രതികള്‍ അനുവദിച്ചിരുന്നെങ്കില്‍ കിസ്നാറാമിനെ രക്ഷിക്കാമായിരുന്നുവെന്ന് കുടുംബം അവകാശപ്പെട്ടു. പ്രതികള്‍ കിസ്നാറാമിന്റെ അതേ സമുദായത്തില്‍പെട്ടവരാണ്.