By Shyma Mohan.03 11 2022
ഹൈദരാബാദ്: മകന്റെ അമിത മദ്യപാനവും മോശം പെരുമാറ്റത്തിലും മനംനൊന്ത് വൃദ്ധദമ്പതികള്‍ മകനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തി. തെലുങ്കാനയിലെ ഖമ്മം ജില്ലയിലുള്ള ദമ്പതികളാണ് മകന്റെ ഉപദ്രവം സഹിക്കവയ്യാതെ കൊലയാളികളെ ആശ്രയിച്ചത്.
തുടര്‍ന്ന് ഇക്കഴിഞ്ഞ മാസം 18ന് 26കാരനായ യുവാവിനെ അമ്മാവന് നല്‍ഗൊണ്ട ജില്ലയില്‍ ഒരു പാര്‍ട്ടിക്ക് കൊണ്ടുപോയി. അവിടെ വെച്ച് മദ്യം വിളമ്പി കൊലയാളി സംഘം കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം സൂര്യപേട്ട് ജില്ലയിലെ മൂസി നദിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. പിറ്റേദിവസം മൃതദേഹം കണ്ടെത്തുകയുമുണ്ടായി. എന്നാല്‍ പത്തുദിവസത്തിനുശേഷം മാത്രമാണ് ദമ്പതികള്‍ മൃതദേഹം മകന്റേതാണെന്ന് പറഞ്ഞ് എത്തിയതെന്നും മകനെ കാണാതായതിനെക്കുറിച്ച് പോലീസില്‍ പരാതി നല്‍കാതിരുന്നതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.