By Shyma Mohan.29 11 2022
പട്ന: മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അത്ര അപൂര്‍വ്വമല്ല. എന്നാല്‍ ബീഹാറില്‍ വിചിത്രമായ മോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാലങ്ങള്‍ മുതല്‍ ട്രെയിന്‍ എഞ്ചിനുകള്‍ വരെ അടിച്ചെടുത്ത വിരുതന്മാരുടെ വാര്‍ത്തകള്‍ ബീഹാറില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇപ്പോള്‍ പട്നയില്‍ നിന്ന് മറ്റൊരു വിചിത്ര മോഷണമാണ് പുറത്തുവന്നിരിക്കുന്നത്.
ഇത്തവണ മൊബൈല്‍ ടവറാണ് മോഷ്ടിച്ചിരിക്കുന്നത്. മൊബൈല്‍ കമ്പനിയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ സംഘം 19 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ടവറാണ് അടിച്ചുമാറ്റിയത്. ഗുജറാത്ത് ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് (ജിടിപിഎല്‍) കമ്പനിയുടെ ടവറാണ് മോഷണം പോയത്. പട്നയിലെ ഗാര്‍ഡനിബാഗ് ഏരിയയിലെ യാര്‍പൂര്‍ രജപുത്താന കോളനിയില്‍ ലാലന് സിംഗിന്റെ വീടിന്റെ ടെറസിലായിരുന്നു ടവര്‍ സ്ഥാപിച്ചിരുന്നത്.
മൊബൈല്‍ കമ്പനിയുടെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു സംഘം ആളുകള്‍ വന്ന് കമ്പനിക്ക് നഷ്ടം സംഭവിക്കുന്നുവെന്നും അതിനാല്‍ ടവര്‍ നീക്കം ചെയ്യുകയാണെന്നും വീട്ടുടമയോട് പറഞ്ഞ് ടവറുമായി കടക്കുകയായിരുന്നു. ഇത് വിശ്വസിച്ച വീട്ടുടമ കൂടുതല്‍ പരിശോധന നടത്താതെ ടവര്‍ മാറ്റാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് 25 പേര് മൂന്ന് ദിവസം രാപകലില്ലാതെ പണിയെടുത്ത് ഗ്യാസ് കട്ടര്‍ യന്ത്രം ഉപയോഗിച്ച് മൊബൈല്‍ ടവര്‍ കഷ്ണങ്ങളാക്കി. ഈ കഷണങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. മോഷണം പോയ മൊബൈല്‍ ടവറിന് 19 ലക്ഷം രൂപ വിലവരുമെന്നും 15 വര്‍ഷം മുമ്പാണ് ലാലന് സിങ്ങിന്റെ ഭൂമിയില്‍ ഇത് സ്ഥാപിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രവര്‍ത്തനരഹിതമായ മൊബൈല്‍ ടവറുകളില്‍ കമ്പനി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോളാണ് ഗാര്ഡാനിബാഗിലെ ടവര്‍ മോഷണം പോയതാണെന്ന വിവരം മൊബൈല്‍ സേവന ദാതാക്കളായ ജിടിപിഎല്‍ അറിയുന്നത്.
നേരത്തെ സാസാറാം ജില്ലയില്‍ 500 ടണ്‍ ഭാരമുള്ള 60 അടി നീളമുള്ള ഇരുമ്പ് പാലം ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു സംഘം മോഷ്ടിച്ചിരുന്നു.