By Shyma Mohan.06 09 2022
പുതുച്ചേരി: തന്റെ മകളെക്കാള്‍ മികച്ച ഗ്രേഡുകള്‍ നേടിയതില്‍ അസൂയ മൂത്ത് കാരയ്ക്കലില്‍ യുവതി 8ാം ക്ലാസുകാരനെ വിഷം കൊടുത്തുകൊന്നു. പതിമൂന്നുകാരനായ ബാലാമണികണ്ഠനാണ് മരിച്ചത്. സംഭവത്തില്‍ സഗയറാണി വിക്ടോറിയയെ അറസ്റ്റ് ചെയ്തു.
എട്ടാം ക്ലാസുകാരനായ ബാലാമണികണ്ഠന്‍ വിക്ടോറിയയുടെ മകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അക്കാദമിക്, പാഠ്യേതര വിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതാണ് വിക്ടോറിയയില്‍ അസൂയ ജനിപ്പിച്ചത്. വെള്ളിയാഴ്ച സ്കൂളിലെത്തിയ വിക്ടോറിയ എട്ടാം ക്ലാസുകാരന്റെ അമ്മയായി അഭിനയിക്കുകയും സ്കൂള്‍ വാച്ച്മാനോടൊപ്പം രണ്ട് കുപ്പി സോഡ വാങ്ങി ബാലാമണികണ്ഠന്‍ നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ പതിമൂന്നുകാരന് ഒരു കുപ്പി ശീതളപാനീയം കുടിച്ച ശേഷം ഛര്‍ദ്ദിക്കാന്‍ തുടങ്ങുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ മരണപ്പെടുകയും ചെയ്തു.
ശീതളപാനീയം കുടിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങിയതെന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാരയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശീതളപാനീയത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തുകയായിരുന്നു.