കല്യാണവീട്ടിലെ രാഷ്ട്രീയ തര്‍ക്കം: സിപിഐക്കാരന്റെ കൈവിരല്‍ കടിച്ചുമുറിച്ച് സിപിഎം പ്രവര്‍ത്തകന്‍

By Greeshma Rakesh.25 05 2023

imran-azhar

 

കുന്നിക്കോട് (കൊല്ലം): കല്യാണവീട്ടില്‍ സി.പി.ഐ.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ രാഷ്ട്രീയതര്‍ക്കത്തില്‍ സി.പി.ഐ.ക്കാരന്റെ തള്ളവിരല്‍ കടിച്ചുമുറിച്ചു. ഞായറാഴ്ച രാത്രി മേലില ഗ്രാമപ്പഞ്ചായത്തിലെ മൂലവട്ടത്തുനടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്.

 

മൂലവട്ടത്തെ ഒരുവീട്ടില്‍ നടന്ന വിവാഹ സത്കാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി പറയുന്നു. സി.പി.ഐ.ക്കാരന്‍ അടുത്തിടെ സി.പി.എം വിട്ടാണ് പാര്‍ട്ടിയിലെത്തിയത്. ഇതിനെച്ചൊല്ലിയായിരുന്നു തര്‍ക്കമുണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇരുവരെയും പിന്തിരിപ്പിച്ചുവിട്ടു. പിന്നീട് മൂലവട്ടം ജങ്ഷനില്‍വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് സി.പി.ഐ. പ്രവര്‍ത്തകന്റെ ഇടതുതള്ളവിരല്‍ കടിച്ചുമുറിച്ചത്.

 


രക്തംവാര്‍ന്നുനിന്ന സി.പി.ഐ.ക്കാരനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിരലറ്റ വിവരം അറിയുന്നത്. പിന്നീട് വിരലിന്റെ കഷണം കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം ചതഞ്ഞിരുന്നു.

 

എന്നാല്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കുന്നിക്കോട് പോലീസ് പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയക്കാരായ ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്നം പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടതോടെ പുറത്തറിയിക്കാതെ ഒതുക്കുകയായിരുന്നു.

 

OTHER SECTIONS