By Priya .31 05 2023
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പിന്നീട് സുഹൃത്ത് കൊലപ്പെടുത്തി.
ദഹോദ് സ്വദേശിയായ കൗശിക് റാവത്ത്, ഭാര്യ കല്പന എന്നിവരാണു കൊല്ലപ്പെട്ടത്.യുവതിയുടെയും ഭര്‍ത്താവിന്റെയും മൃതദേഹങ്ങള്‍ താപി നദിക്കരയില്‍ നിന്നാണ് കണ്ടെടുത്തതെന്നു ചൗക്ക് ബസാര്‍ പൊലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൗശിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തായ അക്ഷയ് കടാരയെ പൊലീസ് അറസ്റ്റ് ചെയ്തു.
സൂറത്തില്‍ നിര്‍മാണ തൊഴിലാളിയായ കൗശിക് റാവത്തും കല്പനയും പലന്‍പുര്‍ പ്രദേശത്താണു താമസിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
കൗശിക് റാവത്തിന്റെ സുഹൃത്തും പ്ലമറുമായ അക്ഷയ് കടാരയും മീനയും നവദമ്പതികളാണ്.ദാഹോദില്‍ നിന്ന് സൂറത്തിലെത്തിയ ഇരുവരും കൗശിക്കിന്റെ വീട്ടില്‍ താമസമാരംഭിച്ചു.
രണ്ടു ദമ്പതികളും തമ്മില്‍ നല്ല ബന്ധമായിരുന്നു. ദിവസങ്ങള്‍ക്കിടെ, കൗശിക് റാവത്തും മീനയും തമ്മില്‍ രഹസ്യബന്ധം രൂപപ്പെട്ടു. വീടിനു പുറത്തുവച്ച് രണ്ടുപേരും കാണാന്‍ തുടങ്ങി.
ഇക്കാര്യം മനസ്സിലാക്കിയ കല്പന ഭര്‍ത്താവുമായി വഴക്കിട്ടു. ബന്ധം തുടരരുതെന്നു കല്പന താക്കീത് നല്കി. പക്ഷേ, കൗശിക്കിന്റെയും മീനയുടെയും പെരുമാറ്റത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ല.
ഇതോടെ കല്പന മീനയുടെ ഭര്‍ത്താവ് അക്ഷയോട് ഇക്കാര്യം പറഞ്ഞു.അവിഹിതബന്ധം അവസാനിപ്പിക്കണമെന്നു അക്ഷയ് മീനയോട് ആവശ്യപ്പെട്ടു.
തര്‍ക്കത്തെ തുടര്‍ന്ന് മീന സ്വന്തം വീട്ടിലേക്കു പോയി. പിന്നാലെ അക്ഷയും കൗശിക്കിന്റെ വീട്ടില്‍ നിന്നിറങ്ങി. രണ്ടുപേരും പോയതിനെ തുടര്‍ന്ന് കല്പനയും കൗശിക്കും തമ്മില്‍ വാക് തര്‍ക്കമായി.
'നീ കാരണമാണ് അക്ഷയ്യും മീനയും വഴക്കിട്ടത്' എന്ന് പറഞ്ഞ് കല്പനയെ കൗശിക്ക് മര്‍ദിച്ച ശേഷം കഴുത്തുഞെരിച്ച് കൊന്നു. മൃതദേഹം വീട്ടിനകത്തു മേല്‍ക്കൂരയിലെ കൊളുത്തില്‍ കെട്ടിത്തൂക്കി.
കുറച്ചുസമയത്തിനുശേഷം മടങ്ങിയെത്തിയ അക്ഷയ് കണ്ടത് കല്പനയുടെ തൂങ്ങിയാടുന്ന മൃതദേഹവും സമീപത്തിരിക്കുന്ന കൗശിക്കിനെയുമാണ്. കല്പനയെ കൊലപ്പെടുത്തിയതാണെന്ന് അക്ഷയിനു മനസിലായെങ്കിലും അതു പുറത്തു കാണിക്കാതെ കൗശിക്കിനൊപ്പം ചേര്‍ന്ന് മൃതദേഹം ചാക്കിലാക്കി.
ചൗക്ക് ബസാറിലെ ഫൂല്‍പഡ പ്രദേശത്ത് താപി നദിക്കരയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.ഇതിനു ശേഷം നദിക്കരയിലേക്കു നടക്കുകയായിരുന്ന കൗശിക്കിന്റെ തലയില്‍ അക്ഷയ് കല്ലുകൊണ്ടിടിച്ച് പരുക്കേല്‍പ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ കൗശിക്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു. തിങ്കളാഴ്ച രാത്രിയോടെ അക്ഷയെ അറസ്റ്റ് ചെയ്തെന്നും ഇരട്ടക്കൊലപാതകത്തെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും സൂറത്ത് പൊലീസ് കമ്മിഷണര്‍ അജയ് കുമാര്‍ തോമര്‍ മാധ്യമങ്ങളോടു പറഞ്ഞു.