യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: പ്രതി ജോമോൾ അറസ്റ്റിൽ

By sisira.20 06 2021

imran-azhar

 

 

 

ഇടുക്കി: അണക്കര ഏഴാംമൈല്‍ കോളനിയില്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതി പോലീസ് പിടിയില്‍.

 

അണക്കര ഏഴാംമൈല്‍ കോളനി പട്ടശേരിയില്‍ ജോമോളാണ് ശനിയാഴ്ച രാത്രി നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്ന് പിടിയിലായത്.

 

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിനുസമീപം മാലിന്യം തള്ളിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്രതി ജോമോള്‍ അയല്‍വാസി മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.

 

സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോമോളും കുടുംബവും ഒളിവിൽപ്പോയി. ഇവരുടെ ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ചുതന്നെ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് തിരിച്ചടിയായി.

 

ജോമോള്‍ ജില്ലയ്ക്കുപുറത്തേക്ക് രക്ഷപ്പെട്ടന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍, ഈ കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന യുവാവുമായി, ഇവരെ രക്ഷപ്പെടുത്താനെന്ന വ്യാജേന പോലീസ് ബന്ധം സ്ഥാപിച്ചു.

 

ശനിയാഴ്ച ഉച്ചയോടെ ഇവര്‍ നെടുങ്കണ്ടം ഭാഗത്തെ ബന്ധുവീട്ടിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. എന്നാല്‍, വീട് കണ്ടെത്താന്‍ കഴിയാതെവന്നതോടെ ജോമോളോട് നെടുങ്കണ്ടത്തെ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ ഇവരുമായി ബന്ധമുണ്ടായിരുന്ന ആളെക്കൊണ്ട് പോലീസ് പറയിച്ചു.

 

ഈ നിര്‍ദേശത്തെത്തുടര്‍ന്ന് ഇവര്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

 

കുമളി സി.ഐ. ജെ.എസ്.സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

അതിനിടെ,അക്രമണത്തിൽ അറ്റുപോയ മനുവിന്റെ കൈപ്പത്തി എറണാകുളത്തെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. ഇനി ഒരാഴ്ചത്തെ നിരീക്ഷണം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

OTHER SECTIONS