By Greeshma Rakesh.02 06 2023
കാന്‍പുര്‍: സഹോദരങ്ങളുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പൊലീസ് കസ്റ്റഡിയില്‍. സഹോദരങ്ങളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. സഹോദരങ്ങളുടെ അറസ്റ്റ് തടഞ്ഞ യുവതി വെള്ളടാങ്കിനു മുകളില്‍ കയറിനിന്ന് പ്രതിഷേധിച്ചു.
ഉത്തര്‍പ്രദേശ് കാന്‍പുരിലെ ഗോവിന്ദ്പുരിലാണ് സംഭവം.ഏപ്രില്‍ 30നാണ് ഭര്‍ത്താവ് ഷക്കീലിനെ കാണാനില്ലെന്ന് യുവതി ഗോവിന്ദ്പുര്‍ പൊലീസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് അന്വേഷണം തുടങ്ങിയ പൊലീസ് ഷക്കീലിന്റെ ബൈക്ക് പാണ്ടു നദിയില്‍നിന്ന് കണ്ടെടുത്തു. വൈകാതെ ഫത്തേപുരില്‍നിന്ന് മൃതദേഹവും കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ഭാര്യാസഹോദരനിലേയ്ക്ക് അന്വേഷണമെത്തി. പൊലീസ് ഇയാളെ പിടികൂടാനെത്തിയതോടെയാണ് കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്.ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയും സഹോദരങ്ങളും ചേര്‍ന്ന് ഷക്കീലിനെ കൊലപ്പെടുത്തുകയായിരുന്നു.
ഷക്കീലിനെ വീട്ടിലേക്ക് യുവതി വിളിച്ചുവരുത്തുകയും ശേഷം സഹോദരങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവതി കുറ്റം സമ്മതിച്ചു. പിന്നാലെ ഇവരെയും കസ്റ്റഡിയില്‍ എടുത്തു.