മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയെ ലോഡ്ജില്‍ വെട്ടി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

By Greeshma Rakesh.16 05 2023

imran-azhar

 

കാസര്‍കോട്: യുവതിയെ സുഹൃത്തായ യുവാവ് ലോഡ്ജ് മുറിയില്‍ വെട്ടി കൊലപ്പെടുത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലേക്കു യുവതിയെ വിളിച്ചുവരുത്തിയശേഷമായിരുന്നു കൊലപാതകം. ഉദുമ മാങ്ങാട് മുക്കുന്നോത്തു സ്വദേശി 34 വയസുള്ള പി.ബി. ദേവികയാണു കൊല്ലപ്പെട്ടത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ദേവിക. പ്രതിയായ സുഹൃത്ത് ബോവിക്കാനം സ്വദേശി സതീഷ്(36) പൊലീസിനു മുമ്പാകെ കീഴടങ്ങി.

 

കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. കൊലപാതകത്തിനു പിന്നാലെ ലോഡ്ജ് മുറി പുറത്തുനിന്ന് പൂട്ടിയ സതീഷ് വൈകിട്ട് അഞ്ചു മണിയോടെ 500 മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ലോഡ്ജില്‍ പൊലീസ് എത്തിയപ്പോള്‍ കഴുത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ ദേവികയെ കണ്ടെത്തുകയായിരുന്നു.

 

കൊല്ലപ്പെട്ട ദേവികയും യുവാവും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. സമീപ ദിവസങ്ങളില്‍ ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്നോണം ദേവികയെ പ്രതിയായ സതീഷ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ലോഡ്ജ് മുറിക്കുള്ളില്‍ ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നാണ് യുവതിയെ പ്രതി വെട്ടി കൊലപ്പെടുത്തിയത്.

 


സതീഷ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. കൊല്ലപ്പെട്ട ദേവിക വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. വിവാഹം കഴിച്ച് മറ്റൊരു കുടുംബവുമായി കഴിയുന്ന ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും അതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

നിലവിലെ വിവാഹബന്ധം വേര്‍പെടുത്തി തന്നെ വിവാഹം കഴിക്കാന്‍ ദേവിക ആവശ്യപ്പെട്ടതാണ് വാക്കുതര്‍ക്കത്തിലേയ്ക്കും കൊലപാതകത്തിലേയ്ക്കും നയിച്ചതെന്നാണ് സതീഷ് നല്‍കിയ മൊഴി. രണ്ടു മാസത്തിലേറെയായി സതീഷ് ഈ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. കേരള സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടിഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ് ഉദുമയില്‍ നിന്ന് ദേവിക കാഞ്ഞങ്ങാട്ടെത്തിയത്.

 

ഇതിനിടെയാണ് സതീഷ് ദേവികയെ ലോഡ്ജിലെത്തിച്ച് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ദേവികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

 

OTHER SECTIONS