By Priya.12 03 2023
ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ 30 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ കുഴിച്ചിട്ടു.സഹോദരന്‍ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്.
പ്രതി ഷബീര്‍ അഹമ്മദ് വാനിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.മാര്‍ച്ച് 7 ന് കോച്ചിംഗ് ക്ലാസിന് പോയ യുവതി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
തൊട്ടടുത്ത ദിവസം യുവതിയുടെ സഹോദരന്‍ തന്റെ സഹോദരിയെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചു. രേഖാമൂലം പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തുടര്‍ന്ന് മരപ്പണിക്കാരന്‍ ഷബീര്‍ അഹമ്മദ് വാനി ഉള്‍പ്പെടെ നിരവധി പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു.