നഴ്സിങ് വിദ്യാര്‍ഥിനിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം; പൊലീസ് നടപടി എടുക്കുന്നില്ലെന്ന് കുടുംബം

By Aswany mohan k.13 06 2021

imran-azhar

 

 

 

 

 

എറണാകുളം: നഴ്സിങ് വിദ്യാര്‍ഥിനിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. വടക്കന്‍ പറവൂര്‍ സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് പീഡനത്തിനിരയായത്.

 

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് പീഡിപ്പിച്ചത്. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസ് തയാറാകുന്നില്ലെന്നാരോപിച്ച് പെണ്‍കുട്ടിയും കുടുംബവും രംഗത്തെത്തി.

 

കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിന് വിവാഹക്കാര്യം സംസാരിക്കാനെന്നു പറഞ്ഞ് കൂനമ്മാവ് സ്വദേശി അമല്‍ ശിവദാസ് ചെറായിയിലെ ഹോട്ടലില്‍കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

 

സൗഹൃദം പ്രണയമായി വളര്‍ന്നു. പീഡനം നടന്ന ദിവസം വടക്കന്‍പറവൂരില്‍ ബസിറങ്ങിയ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് കൂട്ടുകൊണ്ടുപോവുകയായിരുന്നു. പീഡനത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന് അമല്‍ വാക്കുനല്‍കി.

 

ഇത് വിശ്വസിച്ച് റജിസ്ട്രാര്‍ ഓഫിസിലെത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ടു എന്ന് മനസിലായതെന്ന് പെണ്‍കുട്ടി പറയുന്നു. പരാതിയില്‍ ഈ മാസം നാലിന് വരാപ്പുഴ പൊലീസ് കേസെടുത്തു.

 

പീഡനം നടന്നത് മുനമ്പം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് റഫര്‍ ചെയ്തെങ്കിലും പൊലീസ് തുടര്‍നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

 

പ്രതിയുടെ അച്ഛന്‍ ഭരണപക്ഷ കക്ഷിയിലെ പ്രാദേശിക നേതാവായതിനാലാണ് നടപടി വൈകുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

 

അതേസമയം പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നുവെന്ന പതിവ് മറുപടിയാണ് ഇക്കാര്യത്തില്‍ പൊലീസ് നല്‍കുന്നത്.

 

 

 

OTHER SECTIONS