പെരുമ്പാവൂര്‍ കൊലക്കേസിന് അഞ്ചു വര്‍ഷം; ചോദ്യങ്ങള്‍ ഇനിയും ബാക്കി

By Aswany Mohan K.28 04 2021

imran-azhar 

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അസം സ്വദേശി അമീറുല്‍ ഇസ്ളാം തന്നെയാണോ യഥാര്‍ത്ഥ കൊലയാളിയെന്ന ചോദ്യം വീണ്ടും ഉയരുന്നു.

 

കേസിന്റെ തുടക്കത്തില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. സംശയങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് അമീറുളിന്റേതെന്ന് പറയപ്പെടുന്ന വെളിപ്പെടുത്തലുകള്‍.

 

അമീറുളിനെ ജയിലില്‍ സന്ദര്‍ശിച്ച ആക്ടിവിസ്റ്റ് പുറത്തുവിട്ട ചോദ്യങ്ങളില്‍ പലതും നേരത്തെ ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും ഉന്നയിച്ചവയാണ്. 2016 ഏപ്രില്‍ 28ന് രാത്രി എട്ടോടെയാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ കനാല്‍ പുറമ്പോക്കിലുള്ള ഒറ്റമുറി ഷെഡില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നെന്നും ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഈ മുറിയില്‍ നിന്ന് കണ്ടെടുത്ത അലങ്കാരവസ്തുവില്‍ ഒരു വിരലടയാളം വ്യക്തമായി തെളിഞ്ഞിരുന്നു.

 

ഇതാരുടേതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. വിരലടയാളം ആരുടേതാണെന്ന് കണ്ടെത്താന്‍ അധികൃതര്‍ സ്ഥലവാസികളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും വിരലടയാളങ്ങള്‍ പരിശോധിച്ചിരുന്നു.

 

ഇതില്‍ ഫലമുണ്ടായില്ല. ബംഗുളൂരുവിലുള്ള യുണൈറ്റഡ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യയുടെ ഓഫീസുമായി ബന്ധപ്പെട്ടു. വിരലടയാളം പരിശോധിച്ച് ആധാര്‍ രേഖകളില്‍ നിന്ന് യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനായിരുന്നു നീക്കം. വ്യക്തികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ട ബാദ്ധ്യതയുള്ളതിനാല്‍ അവര്‍ സഹകരിച്ചില്ല.

 

മറ്റ് മാര്‍ഗ്ഗങ്ങളൊന്നും പൊലീസ് പരിശോധിച്ചില്ല. നിര്‍മ്മാണ തൊഴിലാളികള്‍ ധരിക്കുന്ന തരത്തിലുള്ള ഒരു ചെരുപ്പ് വീടിനടുത്തുനിന്ന് പൊലീസ് കണ്ടെത്തി. ഒന്‍പത് ഇഞ്ച് നീളമുള്ള ചെരുപ്പ് പ്രധാന തെളിവായാണ് പൊലീസ് പറഞ്ഞത്.

 

എന്നാല്‍, അമീറുളിന്റെ പാദത്തിന്റെ നീളം ഏഴിഞ്ച് മാത്രമാണ്. പൊലീസ് കണ്ടെടുത്ത ചെരുപ്പ് ആരുടേതാണെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. മാത്രമല്ല, പ്രതി നിര്‍മ്മാണ തൊഴിലാളിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ എന്തെല്ലാമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല.

 

 

OTHER SECTIONS