യുവതിയെ ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ച സംഭവം; മൂന്ന് പേർ പിടിയിൽ, മാർട്ടിനായി തിരച്ചിൽ ഊർജ്ജിതം

By sisira.10 06 2021

imran-azhar

 

 

 

തൃശൂർ: കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിലായി.

 

പ്രതിയായ മാർട്ടിൻ ജോസഫിനെ തൃശ്ശൂരിൽ ഒളിപ്പിച്ചവരാണ് പിടിയിലായത്. മാര്‍ട്ടിനായുള്ള തിരച്ചില്‍ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

 

മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ മാർട്ടിൻ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി കണ്ടെത്തിയിരുന്നു.

 

മുണ്ടൂരിലെത്തിയെങ്കിലും ഇയാൾ വീട്ടിൽ ചെന്നിരുന്നില്ല. കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങൾ മുണ്ടൂർ മേഖലയിൽ ക്യാംപ് ചെയ്തു തിരിച്ചലിൽ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.

 

കഴിഞ്ഞ ലോക്ഡൗൺ കാലത്തായിരുന്നു മാർട്ടിൻ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.

 

യുവതിയെ ക്രൂരമായി മർദിക്കുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മർദിക്കുക തുടങ്ങിയ കൃത്യങ്ങളും മാർട്ടിൻ ചെയ്തിരുന്നു.

 

യുവതിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മാർട്ടിൻ, ഫ്ലാറ്റിൽനിന്ന് പുറത്ത് പോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിൽ തുടരാൻ ഭയമുളള യുവതി മറ്റൊരിടത്ത് അഭയം പ്രാപിച്ചിരിക്കുകയാണ്.

OTHER SECTIONS