ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിന്‍റെ മകളെ മര്‍ദ്ദിച്ച്, കെട്ടിത്തൂക്കിയ നിലയിൽ; കണ്ണുചൂഴ്‌ന്നെടുത്തു, പീഡനമെന്ന് ബന്ധുക്കൾ

By sisira.10 06 2021

imran-azhar

 

 

 

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിന്‍റെ മകളുടെ വലതു കണ്ണ് ചൂഴ്ന്നെടുത്ത്, ക്രൂരമായി മര്‍ദ്ദിച്ച ശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.


ബുധബാർ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ അഞ്ച് മക്കളിൽ മൂത്ത മകളാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനാറ് വയസ്സുള്ള പെൺകുട്ടി.


പാംകി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബുദ്ധബാര്‍ ഗ്രാമത്തിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.

 

പാലമു ജില്ലയിലെ ലാലിമതി വനത്തിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയ നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്.

 

ക്രൂരമായ മര്‍ദ്ദനത്തിന് പുറകേ അക്രമികള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

 

പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് പ്രാദേശിക ശ്മശാനത്തിൽ സംസ്‌കരിച്ചു. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിലെ കോൾ ഡേറ്റ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ പ്രദീപ് കുമാർ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ് ചെയ്തു.

 

പ്രദീപ് വിവാഹിതനാണ്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളത്.

 

ജൂണ്‍ ഏഴാം തിയതി രാവിലെ പത്ത് മണിയോടെ വീടിന് വെളിയിലേക്ക് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.

 

അന്വേഷിച്ചിട്ടും കാണാതെ വന്നതോടെ കുടുംബം ജൂണ്‍ എട്ടിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെയാണ് പ്രദേശവാസികള്‍ വനത്തില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

 

തുണി ഉപയോഗിച്ച് മരത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വലത് കണ്ണ് ചൂഴ്ന്നെടുത്ത നിലയില്‍ ആയിരുന്നു.

 

ദയയില്ലാതെ കുട്ടിയെ അക്രമികള്‍ മര്‍ദ്ദിച്ചതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ആത്മഹത്യയെന്ന് തോന്നിപ്പിക്കാനാവണം മൃതദേഹം കെട്ടിത്തൂക്കിയതെന്നാണ് പൊലീസ് വിലയിരുത്തല്‍.

 

പീഡന കേസാണോയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷമേ പറയാനാകൂവെന്നും സാധ്യമായ എല്ലാ കോണുകളിൽനിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ പറഞ്ഞു.

 

പെണ്‍കുട്ടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ പെൺകുട്ടിയുടെ കുടുംബം എതിർത്തിരുന്നതായും പൊലീസ് പറഞ്ഞു.

 

ഇതേത്തുർന്ന് പെണ്‍കുട്ടിയുടെ വീട്ടിൽ വാക്കുതർക്കം ഉണ്ടായി. അതിനു ശേഷമാണ് പെൺകുട്ടിയെ കാണാതായതെന്നും പൊലീസ് അറിയിച്ചു.

 

എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം പൊലീസിന്‍റെ ഈ വാദം തള്ളി. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾ തെളിയിക്കാൻ പൊലീസ് അന്വേഷണത്തിൽ കഴിഞ്ഞില്ലെങ്കിൽ പാർട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ജാർഖണ്ഡ് ബിജെപി വക്താവ് പ്രതുൽ ഷാഹ്ദിയോ പറഞ്ഞു.

OTHER SECTIONS