തമ്പാനൂരിലെ കൊലപാതകം: പ്രതിക്ക് സഹായകമായത് പൊലീസിന്റെ പിഴവ്

By santhisenanhs.27 02 2022

imran-azhar

തിരുവനന്തപുരം: രക്തരക്ഷസായ കൊടും ക്രിമിനല്‍ അജീഷിന് വീണ്ടും കൊലപാതകത്തിന് വഴിയൊരുക്കിയത് പൊലീസിന്റെ കൈപ്പിഴ. കഴിഞ്ഞ ദിവസം നഗരഹൃദയത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അയ്യപ്പനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ തുറുങ്കിലടയ്ക്കാനുള്ള വ്യവസ്ഥകള്‍ വ്യക്തമായിരുന്നെങ്കിലും ബോധപൂര്‍വമോ അല്ലാതെയോ ഉള്ള അശ്രദ്ധ മൂലം ഇയാള്‍ പുറത്തു നടന്നത് ചര്‍ച്ചയാകുന്നു. അജീഷിന് പുറത്ത് കറങ്ങി നടന്ന്‍ അടുത്ത കൊലപാതകത്തിന് വേദിയൊരുക്കാന്‍ സാങ്കേതികമായി സഹായിച്ചത് പൊലീസ് തന്നെയെന്ന നിഗമനത്തിലെത്തുന്നു.

 

അജീഷിനെതിരെ കാപ്പ ചുമത്താന്‍ നെടുമങ്ങാട് പൊലീസ് തീരുമാനിച്ചിരുന്നു. സ്ഥിരം കുറ്റവാളിയും ക്രിമിനലുമെന്ന മാനദണ്ഡത്തില്‍പ്പെടുത്തിയായിരുന്നു പൊലീസിന്റെ നീക്കം. പത്തോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൊലപാതകത്വര ഉള്ള വ്യക്തിയാണ് അജീഷെന്ന്‍ പൊലീസിന് ബോധ്യപ്പെട്ടിരുന്നു. അജീഷിനെ പുറത്തുവിടുന്നത് സമൂഹത്തിന് അപകടമാകുമെന്നും കൂടുതല്‍ കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തിയതാണ്. പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഒരാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവിറക്കേ-ത്. ആ റിപ്പോര്‍ട്ടിലാണ് പിഴവു പറ്റിയത്. പൊലീസ് കളക്റ്റര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ കോഡിലെ 107ാം വ്യവസ്ഥ ഇയാള്‍ക്ക് ബാധകമാക്കണമായിരുന്നു. അതായത്, കൊടും ക്രിമില്‍ സ്വഭാവമുള്ളവരെ ഒരുവര്‍ഷം നല്ല നടപ്പിന് വിധേയമാക്കുകയും നിരന്തരം നിരീക്ഷണം നടത്തുകയും ചെയ്യുന്ന വകുപ്പാണിത്.

 

എന്നാല്‍ ഈ ബോണ്ട് പ്രതി ആജീഷിന് നല്‍കിയില്ലെന്ന കാരണത്താല്‍ അയാള്‍ക്കെതിരെ കാപ്പ ചുമത്താനാകില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് മടക്കി. കളക്ടറുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ പിഴവുണ്ടായെന്ന്‍ പറയാനാകില്ല. എന്നാല്‍ ഇതു തയാറാക്കി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ തികഞ്ഞ അശ്രദ്ധ പട്ടാപ്പകല്‍ ഒരു യുവാവിന്റെ ജീവനെടുക്കുന്നതിന് കാരണമായി. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്താനാകില്ലെന്ന്‍ കളക്ടറുടെ വിധി വന്നത്. പിഴവു മനസിലാക്കിയ പൊലീസ് ഇതു പരിഹരിച്ച് പുതിയ റിപ്പോര്‍ട്ട് സാവധാനം തയാറാക്കുന്നതിനിടയിലാണ് അജീഷ് തമ്പാനൂരില്‍ കൊലപാതകം നടത്തിയത്. പൊലീസ് നല്‍കിയ വ്യവസ്ഥ കൃത്യമായിരിക്കുകയും അതേപടി കളക്ടറുടെ കൈവശം എത്തുകയും ചെയ്താല്‍ കാപ്പ ചുമത്താനുള്ള റിപ്പോര്‍ട്ടാകും നല്‍കുക.

 

എന്നാല്‍ അതുണ്ടാകാത്ത സാഹചര്യത്തില്‍ കളക്ടര്‍ക്കു മുന്നില്‍ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ അജീഷ് തനി ക്രിമിനല്‍ സ്വഭാവമുള്ള എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നോ എന്ന ശുപാര്‍ശ പൊലീസ് നല്‍കണം. അതിലൂടെ മാത്രമേ ജില്ലാ കളക്ടര്‍ക്ക് കാപ്പ ചുമത്തി പ്രതിയെ തുറങ്കിലടയ്ക്കാനുള്ള ഉത്തരവ് നല്‍കാനാകൂ. ഇവിടെ അജീഷിന്റെ കാര്യത്തിലുണ്ടായ പിഴ എവിടെ സംഭവിച്ചുവെന്ന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചു. ഈ പരിശോധനയില്‍ ഏതുതലത്തില്‍ നടന്ന ഇടപെടലാണ് ഇയാളെ വെള്ളപൂശിയതെന്ന്‍ വൈകാതെ വ്യക്തമാകും. ഇതോടെ കുറ്റത്തിന്റെ മറ്റൊരു കുന്തമുന ആ പൊലീസ് ഉദ്യോഗസ്ഥനിലേക്കോ, പൊലീസ് സംവിധാനത്തിലേക്കോ നീങ്ങും.


തമ്പാനൂര്‍ കൊലക്കേസ്, അജീഷ് റിമാന്‍ഡില്‍


തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തി കേസില്‍ പ്രതി നെടുമങ്ങാട് സ്വദേശി അജീഷ് റിമാന്‍ഡില്‍. ഇന്നലെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കോടതിയല്‍. ഹാജരാക്കുകയായിരുന്നു. ഹോട്ടലില്‍ മുറിയെടുത്തപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അജീഷ് നല്‍കിയ മൊഴി. തമിഴ്‌നാട് സ്വദേശിയും സിറ്റി ടവര്‍ ഹോട്ടലുടമയുടെ ബന്ധുവുമായ അയ്യപ്പനെയാണ് അജീഷ് മൃഗീയമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു തലസ്ഥാനത്തെ നടുക്കിയ കൊലപാതകം. വയനാട്ടില്‍ ബൈക്ക് മെക്കാനിക്കായ അജീഷ് നാട്ടിലെത്തുമ്പോള്‍ ഈ ഹോട്ടലിലായിരുന്നു വിശ്രമിക്കാനായി മുറിയെടുത്തിരുന്നത്. ഒരു ദിവസം ഇവിടെ താമസിച്ച ശേഷമാണ് സ്വന്തം നാടായ നെടുമങ്ങാട്ടേക്ക് പോയിരുന്നത്. ഒരുതവണ ഇവിടെ മുറിയെടുത്തപ്പോള്‍ അജീഷിന് വയറുവേദന വന്നിരുന്നു. രാത്രി പലതവണ ശുചിമുറിയിലേക്കു പോയപ്പോള്‍ റിസപ്ഷനിലുണ്ടായിരുന്ന അജീഷ് കളിയാക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ആ സംഭവത്തിനു ശേഷം അജീഷ് ഈ ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നെങ്കിലും അയ്യപ്പന്‍ അനുവദിച്ചിരുന്നില്ല. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ഇയാളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കഞ്ചാവിന്റെ ലഹരിയിലാണ് അജീഷ് എപ്പോഴും നടക്കാറുള്ളത്. കൊലപാതകം നടത്തിയ ദിവസവും അജീഷ് ലഹരി ഉപയോഗിച്ചിരുന്നു. പത്തോളം കേസില്‍ പ്രതിയാണ് ഇയാള്‍. ചോര കാണുന്നത് ഇയാള്‍ക്ക് ലഹരിയാണെന്ന്‍ പൊലീസ് പറയുന്നു. കൊലപാതത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇതുപയോഗിച്ചാണ് പ്രതിയെ പിടികൂടിയതും. ശാസ്ത്രീയ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. വിശദമായ അന്വേഷണത്തിന് അജീഷിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന്‍ തമ്പാനൂര്‍ പൊലീസ് അറിയിച്ചു.

OTHER SECTIONS