രേഷ്മ ഗർഭിണിയായത് ഭർത്താവറിഞ്ഞില്ല! അവിശ്വസനീയം; കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ

By sisira.22 06 2021

imran-azhar

 

 

 

കൊല്ലം: പരവൂർ ഊഴായിക്കോട്ട് രേഷ്മയെന്ന ഇരുപത്തിരണ്ടുകാരി നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു കൊന്നത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ്റെ നിർദ്ദേശപ്രകാരം.

 

എന്നാൽ യുവതി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലേ എന്നത് ദുരൂഹതയായി അവശേഷിക്കുകയാണ്.

 

സാമാന്യയുക്തിക്ക് അവിശ്വസനീയമെന്ന് തോന്നാവുന്ന കുറ്റകൃത്യത്തിൽ അന്വേഷണം തുടരുകയാണ് എന്നും പാരിപ്പള്ളി പൊലീസ് അറിയിച്ചു.

 

അതേസമയം, രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.

 

ഈ വർഷം ജനുവരി 5-ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

 

ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിൻ്റെയും നിലപാട്.

 

എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്.

 

വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിൻ്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്.

 

എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്.

 

ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകൻ്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു.

 

ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു.

OTHER SECTIONS