By Priya .25 05 2023
ഹൈദരാബാദ്: 55 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച വീട്ടുടമസ്ഥന്‍ അറസ്റ്റില്‍. മുസി നദിക്കരികില്‍ സ്ത്രീയുടെ തല കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി ഒരാഴ്ചയ്ക്കു ശേഷമാണ് ഇവര്‍ താമസിച്ച വീടിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ചയാണ് അനുരാധയുടെ തല കറുത്ത പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ മുസീ നദിക്കു സമീപമുള്ള അഫ്‌സല്‍ നഗര്‍ കമ്യൂണിറ്റി ഹാളിലെ മാലിന്യകൂമ്പാരത്തില്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് ഇന്നലെ ബി.ചന്ദ്ര മോഹന്‍(48) അറസ്റ്റിലായത്.മറ്റു ശരീരഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുന്നതിന് വേണ്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.
ചന്ദ്ര മോഹന്റെ വീടിന്റെ താഴത്തെ നിലയിലാണ് അനുരാധ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. അനുരാധ ആളുകള്‍ക്കു പലിശയ്ക്കു പണം നല്‍കാറുണ്ടായിരുന്നു.
ഇവരില്‍ നിന്ന് ചന്ദ്ര മോഹന്‍ ഏഴു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു തിരികെ നല്‍കാന്‍ അനുരാധ നിര്‍ബന്ധിച്ചപ്പോഴാണ് ഇയാള്‍ കൊലപാതകത്തിനു പദ്ധതിയിട്ടതെന്നാണ് വിവരം.
മേയ് 12 ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ചന്ദ്ര മോഹന്‍ അനുരാധയെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി. വയറ്റിലും നെഞ്ചിലും ആഴത്തില്‍ മുറവേല്‍പ്പിച്ചെന്നാണു വിവരം.
തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന അറക്കവാള്‍ ഉപയോഗിച്ച് ഇവരുടെ ശരീരഭാഗങ്ങള്‍ ആറു കഷണങ്ങളായി മുറിച്ച് കവറിലാക്കി ഫ്രിജില്‍ സൂക്ഷിച്ചു. ഇതില്‍ തല ഇയാള്‍ പൊളിത്തീന്‍ കവറിലാക്കി വലിച്ചെറിഞ്ഞു.
ഫ്രിജില്‍ സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങളുടെ ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു. അനുരാധ മരിച്ചിട്ടില്ലെന്ന് കാണിക്കാന്‍ അവരുടെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് സന്ദേശമയയ്ക്കുകയും ചെയ്തുവന്നെന്നും പൊലീസ് അറിയിച്ചു.