മമത പരാജയപ്പെട്ടെങ്കിലും പശ്ചിമബംഗാളിൽ തൃണമൂൽ പടയോട്ടം, 212 ഇടത്ത് തൃണമൂൽ ലീഡ്, ബി.ജെ.പി 78 ഇടത്ത്, കോൺഗ്രസ്- ഇടതു സഖ്യം അപ്രസക്തം

By anil payyampalli.02 05 2021

imran-azharകൊൽക്കത്ത: പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ നേടി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് തുടർഭരണം ഉറപ്പിച്ചു. 294ൽ 212 ഇടത്തും തൃണമൂൽ മുന്നിലാണ്. ബിജെപി 78 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. രണ്ടിടത്ത് മറ്റ് പാർട്ടികൾ ലീഡ് ചെയ്യുന്നുണ്ട്

 

 

എന്നാൽ മുഖ്യമന്ത്രി മമതാ ബാനർജി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നന്ദിഗ്രാമിൽ മത്സരിച്ച മമത ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടത്. 1622 വോട്ടുകൾക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു.

 

 

സർവ്വസന്നാഹങ്ങളുമായി യുദ്ധകാഹളം മുഴക്കിയാണ് ബി.ജെ.പി. ഇത്തവണ ബംഗാളിലേക്ക് ഇരച്ചെത്തിയത്. അവിടെ മമതയ്ക്ക് പകരം വെക്കാൻ മറ്റാരുമുണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെ അരങ്ങേറിയ യുദ്ധത്തിൽ മമത നായികയും തേരാളിയും പടയാളിയുമായി. അതുകൊണ്ടുതന്നെ തൃണമൂൽ നേടിയ വിജയം മമത ഒറ്റയ്ക്കു നേടിയ വിജയമാണെന്ന് പറഞ്ഞേ തീരൂ. 

 

ജയത്തിൽ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കാത്ത യുദ്ധമായിരുന്നു ബംഗാളിൽ ഇക്കുറി അരങ്ങേറിയത്. മമത ബാനർജിക്കത് അധികാരത്തിലേക്കുള്ള മൂന്നാം വരവിനായുള്ള പോരാട്ടമായിരുന്നെങ്കിൽ ബംഗാൾ പിടിക്കുക എന്ന ലക്ഷ്യത്തിനായി 2014 മുതൽ ആരംഭിച്ച തയ്യാറെടുപ്പുകളുടെ പരിസമാപ്തിയായിരുന്നു ബി.ജെ.പിക്ക് അത്.

 

ബംഗാളിന്റെ മണ്ണിൽ ശേഷിക്കുന്ന സ്വന്തം ഇടം വീണ്ടെടുക്കാനും നിലനിർത്താനുമുള്ള പോരാട്ടമായിരുന്നു കോൺഗ്രസിന്റെ കൈകൾ പിടിച്ച് ഇടതുപാർട്ടികൾ നടത്തിയത്. എന്നാൽ ചരിത്രം ഇക്കുറിയും മമതയ്ക്കൊപ്പം നിന്നു.

 

 

അക്ഷരാർഥത്തിൽ 2016-ലെ വിജയം ആവർത്തിക്കുകയാണ് മമത. ആകെയുള്ള 292 സീറ്റുകളിൽ 216 ഇടത്തും തൃണമൂൽ കോൺഗ്രസ് വിജയത്തിലേക്ക് നീങ്ങുകയാണ്. വിഫലമായ പടയൊരുക്കങ്ങൾ ബി.ജെ.പിക്ക് നേടിക്കൊടുത്തത് 75 സീറ്റ് മാത്രം. കോൺഗ്രസ്-ഇടതുപക്ഷ സഖ്യം ചിത്രത്തിലേയില്ല. കഴിഞ്ഞ തവണ 211 സീറ്റുകളാണ് ടി.എം.സിക്ക് ലഭിച്ചത്. അന്ന് ബി.ജെ.പി. 44 സീറ്റുകളും നേടിയിരുന്നു.

 

 

രാഷ്ട്രീയമായ കീഴ്‌മേൽ മറിയലുകളുടേതാണ് സ്വാതന്ത്ര്യാനന്തര ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം. ആദ്യം കോൺഗ്രസും പിന്നീട് ഇടതുപക്ഷവും കൈയ്യാളിയ പതിറ്റാണ്ടുകളുടെ അധികാര ചരിത്രത്തെ തകർത്തുകൊണ്ടാണ് 2011-ൽ നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ പിൻബലത്തിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് അധികാരം പിടിക്കുന്നത്.

 

പിന്നീടിങ്ങോട്ട് മെലിഞ്ഞുവരുന്ന കോൺഗ്രസ്, സിപിഎം കക്ഷികളുടെ രാഷ്ട്രീയ ഇടം സമർഥമായി പ്രയോജനപ്പെടുത്തിയാണ് ബിജെപി-ആർഎസ്എസ് ബംഗാളിൽ അവരുടെ ചുവടുറപ്പിക്കുന്നത്. അതിന്റെ ഫലപ്രാപ്തിയായിരുന്നു ഇക്കുറി ബിജെപി പ്രതീക്ഷ.

 

 

കേന്ദ്രസർക്കാരിനോടും മോദിയോടും നിരന്തരം കലഹിച്ചുകൊണ്ട്, ബിജെപിയുടെ കണ്ണിലെ കരടായാണ് മമതയുടെ ഒറ്റയാൾ പോരാട്ടം. അതുകൊണ്ടുതന്നെ ബംഗാൾ പിടിക്കുക എന്നതിനൊപ്പം മമതയെ വീഴ്‌ത്തേണ്ടത് ബിജെപിയുടെ ആവശ്യമായിരുന്നു. അതിനായി വളരെ ആസൂത്രിതമായ നീക്കമാണ് ബംഗാളിൽ ബിജെപി നടത്തിയത്. അതിനായി തങ്ങളുടെ ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുത്താണ് അവർ അടർക്കളത്തിലിറങ്ങിയത്.

 

കേന്ദ്ര ഭരണവും സമ്പത്തും സർവോപരി, അധികാരത്തിനായി ഏതറ്റംവരെയും പോകുന്ന കുടില രാഷ്ട്രതന്ത്രജ്ഞതയും കൈമുതലായുള്ള ബിജെപിയുടെ സന്നാഹങ്ങളെയായിരുന്നു മമതയ്ക്ക് ഒറ്റയ്ക്ക് നേരിടേണ്ടിയിരുന്നത്. ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെയുള്ള മമതയുടെ യുദ്ധം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ പോരാട്ടം കൂടിയായാണ് വിലയിരുത്തപ്പെട്ടത്. ബി.ജെ.പിയും മോദിയും അമിത് ഷായും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ അതേ നാണയത്തിൽ തിരിച്ചടിച്ച് പ്രത്യാക്രമണത്തിന്റെ പോർമുഖം തുറക്കുകയായിരുന്നു മമത.

 

 

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നെ തന്നെ ബി.ജെ.പി. ആരംഭിച്ച കരുനീക്കങ്ങൾക്ക് സമയാസമയം തടയിടാൻ മമതയുടെ പ്രായോഗികരാഷ്ട്രീയപരിചയം വിശാലമായ പരിചയായി.

 

 

ടി.എം.സിയിലെ ജനപ്രിയരായ നേതാക്കളെയും മമതയുടെ വിശ്വസ്തരെയും അടർത്തിയെടുക്കുക എന്നതായിരുന്നു ബംഗാളിലും ബി.ജെ.പി. അടവ്. എന്നാൽ ഇതിനെതിരെ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള തന്ത്രങ്ങളാണ് മമത ആവിഷ്‌കരിച്ചത്. ഇതിനായി തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിനെ നിയോഗിച്ചുകൊണ്ടുള്ള നീക്കമായിരുന്നു അവർ നടത്തിയത്.

 

 

ബംഗാളിൽ 'ബംഗാളിന്റെ മകൾ ' എന്നതാണ് ടി.എം.സിക്കായി പ്രശാന്ത് രൂപപ്പെടുത്തിയ പ്രചരണവാക്യം. ബംഗാളിൽ ബി.ജെ.പി. വരത്തരാണെന്ന് ആരോപിച്ചു കൊണ്ടുള്ളതായിരുന്നു ഈ നീക്കം. മമത അധികാരത്തിലെത്തുമെന്ന് പ്രശാന്ത് കിഷോർ ഉറപ്പിച്ച് പറഞ്ഞു, ബി.ജെ.പി. 100 സീറ്റ് തികച്ചാൽ താൻ ഈ പണിനിർത്തുമെന്നും.

 

 

മറ്റ് രാഷ്ട്രീയവിഷയങ്ങൾക്കൊപ്പം പത്ത് വർഷത്തെ മമതയുടെ ഭരണമായിരുന്നു ബംഗാളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. എന്നാൽ മമത സർക്കാരിനെക്കുറിച്ച് അത്ര മികച്ച അഭിപ്രായം ബംഗാളികൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. അതിനെ മറികടക്കാൻ മമത എന്ന വ്യക്തിയുടെ പ്രതിച്ഛായതന്നെയാണ് തിരഞ്ഞെടുപ്പിൽ അവർ ഉപയോഗിച്ചത്.

 

ബിജെപിയുടെ വളഞ്ഞിട്ട് ആക്രമണങ്ങളെ ഒറ്റയ്ക്ക് എതിർക്കുന്ന പോരാളിയുടെ ചിത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ മമത മുന്നോട്ടുവെച്ചത്. നന്ദിഗ്രാമിൽ തനിക്കുനേരെ ബി.ജെ.പി. പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം വീൽചെയറിലായിരുന്നു മമത എത്തിയത്.

 

 

ബി.ജെ.പിയുടെ പടനീക്കങ്ങൾക്കൊപ്പം മറ്റു പ്രതിസന്ധികളും ഇത്തവണ മമതയ്ക്ക് നേരിടേണ്ടതുണ്ടായിരുന്നു. ഭരണവീഴ്ചകൾ, പാർട്ടിയിലെ പടലപ്പിണക്കങ്ങൾ, വിശ്വസ്തരുടെ കൊഴിഞ്ഞുപോക്ക്, അഴിമതി ആരോപണങ്ങൾ, അനന്തിരവൻ അഭിഷേക് ബാനർജിയുടെ വഴിവിട്ട നടപടികൾ തുടങ്ങിയവയൊക്കെ ഭീഷണിയായിരുന്നു.

 

ഒപ്പം, കോൺഗ്രസും ഇടതുപാർട്ടികളും സഖ്യമുണ്ടാക്കി വേറിട്ട് മത്സരിക്കുന്നതിലൂടെ മുസ്ലീം, മതേതര വോട്ടുകൾ വിഘടിക്കപ്പെടുമെന്നതും മമത നേരിട്ട വലിയ ഭീഷണിയായിരുന്നു.


ബംഗാൾ പിടിക്കാനുള്ള ബി.ജെ.പി.-ആർ.എസ്എസ്. ശ്രമം 2014 മുതൽ തുടങ്ങിയതാണ്. ഒരു പതിറ്റാണ്ട് സംസ്ഥാനം ഭരിച്ച മമത സർക്കാരിനോട് സ്വാഭാവികമായി ഉയരാവുന്ന ഭരണവിരുദ്ധ വികാരവും ഹൈന്ദവ വോട്ടുകളുടെ ഏകീകരണവും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ അനുകൂലമാക്കാനുള്ള നീക്കമാണ് ബി.ജെ.പി. നടത്തിയത്. ഒപ്പം 30 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകൾ ഇടത്-കോൺഗ്രസ് സഖ്യം വിഘടിപ്പിക്കുമെന്ന് അവർ കണക്കൂകൂട്ടി.

 

70 ശതമാനം വരുന്ന ഹൈന്ദവ വോട്ടുകൾ കേന്ദ്രീകരിക്കാൻ പതിവുപോലെ വികസന വാഗ്ദാനങ്ങളും അതിതീവ്ര ഹിന്ദുത്വ മുദ്രാവാക്യങ്ങളും അവർ മുന്നോട്ടുവെച്ചു. ഇതിന്റെ ഭാഗമായി പൗരത്വ നിയമഭേദഗതി, പൗരത്വ പട്ടിക, അയോധ്യ രാമക്ഷേത്ര നിർമാണം തുടങ്ങിയവയാണ് അതിനായി ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പൗരത്വ നിയമഭേദഗതി നടപ്പാക്കുമെന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ആവർത്തിച്ചതും ഇതിന്റെ ഭാഗമായായിരുന്നു.

 

 

മറ്റു പല സംസ്ഥാനങ്ങളിലും പയറ്റി വിജയിച്ച, നേതാക്കളെ അടർത്തി മാറ്റുക എന്ന തന്ത്രവും ബംഗാളിൽ ബി.ജെ.പി. വ്യാപകമായി ഉപയോഗിച്ചു. പ്രലോഭനം, പദവി വാഗ്ദാനം, സമ്മർദ്ദം തുടങ്ങിയ പതിവ് മുറകൾതന്നെയാണ് പ്രയോഗിക്കപ്പെട്ടത്. മുകുൾ റോയി മുതൽ സുവേന്ദു അധികാരി വരെയുള്ള ടി.എം.സി നേതാക്കളെ ബി.ജെ.പിയുടെ പാളയത്തിലെത്തിച്ചത് ഈ മാർഗ്ഗങ്ങളിലൂടെയാണ്.

 

മുൻ റെയിൽവെ മന്ത്രി ദിനേഷ് ത്രിവേദി രാജ്യസഭയിൽ നാടകീയമായി രാജിപ്രഖ്യാപിച്ചതും മമതക്കെതിരെ ആരോപണമുയർത്തിയതും ഇതിന്റെ ഭാഗമായി ആയിരുന്നു.

 

 

നന്ദിഗ്രാം അടക്കമുള്ള ഗ്രാമീണ മേഖലകളിൽ ആഴത്തിൽ സ്വാധീനമുള്ള, നന്ദിഗ്രാം സമരത്തിലും പിന്നീടും മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരികാരിയെ മടയിൽച്ചെന്ന് നേരിടുകയായിരുന്ന മമത. തന്റെ സുരക്ഷിത തട്ടകമായ ഭവാനിപുർ വിട്ട് സുവേന്ദു അധികാരി മത്സരം പ്രഖ്യാപിച്ച നന്ദിഗ്രാമിൽ അദ്ദേഹത്തിനെതിരെ മത്സരിക്കുകയായിരുന്നു മമത.

 

അധികാരി കുടുംബത്തിന്റെ തട്ടകമായ നന്ദ്രിഗ്രാമിൽ മമതയുടെ വിധി എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എന്നാൽ, നന്ദിഗ്രാമിൽ മത്സരിക്കാനുള്ള ആ ധീരമായ തീരുമാനമാണ് തൃണമൂൽ കോൺഗ്രസിന് ഈ ഉജ്ജ്വല വിജയം നേടാനുള്ള കരുത്തു നൽകിയത് എന്നത് നിസ്തർക്കമാണ്.

അധികാരവും പണവും വ്യക്തിഗതമായ ബിംബനിർമിതിയും കൊണ്ടുമാത്രം എല്ലായ്പോഴും ജനാധിപത്യത്തിൽ വിജയം സാധ്യമല്ലെന്ന തിരിച്ചറിവാണ് ഈ തിരിച്ചടി ബി.ജെ.പിക്കുണ്ടാക്കുന്നത്.

 

കോവിഡ് മഹാമാരിയെപ്പോലും പരിഗണിക്കാതെ ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കുകയും ശക്തമായ പ്രചാരണം നടത്തുകയും ചെയ്തിട്ടും ബിജെപിക്ക് മൂന്നിലൊന്ന് സീറ്റു മാത്രമേ നേടാനായുള്ളൂ. കുതിരക്കച്ചവടത്തിന് ഒരു സാധ്യതപോലും ഒഴിച്ചിടാതെ സമഗ്രമേധാവിത്വം നേടാൻ മമതയ്ക്ക് സാധിച്ചു.

 

 

 

 

OTHER SECTIONS