By parvathyanoop.21 12 2022
മോണ്ട്രിയല്‍: നാലുവര്‍ഷം നീണ്ട സമഗ്രചര്‍ച്ചകള്‍ക്കൊടുവില്‍ ചരിത്രപരമായ ജൈവവൈവിധ്യ കരാറില്‍ ഒപ്പിട്ട് ഇന്ത്യയുള്‍പ്പെടെ 200 രാജ്യങ്ങള്‍. കാനഡയിലെ മോണ്ട്രിയലില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിലാണ്(കോപ് 15) പരിസ്ഥിതി സംരക്ഷണത്തിനായാണ് കരാറിലൊപ്പിട്ടത്.
പരിസ്ഥിതിനാശം തടഞ്ഞ് വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം. കോപ്-15 ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കുന്ന ചൈനീസ് പരിസ്ഥിതി മന്ത്രി ഹുവാങ് റുന്‍ഖു പ്രഖ്യാപിച്ച കരാര്‍ കരഘോഷത്തോടെയാണ് പ്രതിനിധികള്‍ സ്വീകരിച്ചത്.
ജൈവവൈവിധ്യസംരക്ഷണത്തിനായി വികസ്വരരാജ്യങ്ങളോടുള്‍പ്പെടെ സാമ്പത്തിക സഹായമഭ്യര്‍ഥിച്ച കരാറില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ വിയോജിപ്പ് രേഖപ്പെടുത്തി.
വിവിധ ഭൂപ്രദേശങ്ങള്‍, സമുദ്രങ്ങള്‍, വനങ്ങള്‍ തുടങ്ങിയവയെ മലിനീകരണത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും സംരക്ഷിച്ച് നരകയാതനയനുഭവിക്കുന്ന ഭൂമിയെ രക്ഷിക്കുകയാണ് ലക്ഷ്യം.
ലോകജനതയുടെ ഭാവിക്കായി ജൈവവൈവിധ്യ സംരക്ഷണത്തില്‍ കൈകോര്‍ക്കേണ്ടതുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച് ഹുവാങ് വ്യക്തമാക്കി. ഉച്ചകോടിക്ക് ആഥിത്യമരുളുന്ന കാനഡയുടെ വിദേശകാര്യമന്ത്രി സ്റ്റീവന്‍ ഗില്‍ബീല്‍ട്ട് ചരിത്രപരമായ ചുവടുവെപ്പെന്നാണ് കരാറിനെ വിശേഷിപ്പിച്ചത്.
ഭൂമിയിലെ 30 ശതമാനം വരുന്ന പ്രദേശങ്ങള്‍ 2030-ഓടെ സംരക്ഷിത മേഖലയാക്കണമെന്നതാണ് ഉച്ചകോടിയുടെ മറ്റൊരു ലക്ഷ്യം. ഇതിനായി 2.4 ലക്ഷം കോടിയുടെ സാമ്പത്തികപാക്കേജ് പ്രതിവര്‍ഷം ആവശ്യമുണ്ടെന്നും ഉച്ചകോടി വിലയിരുത്തി.
ആഗോളതാപന വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്താനുള്ള പാരീസ് കാലാവസ്ഥാ ഉച്ചകോടിയിലെ തീരുമാനത്തെയും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗൗരവപൂര്‍വം സമീപിച്ചു.
ഉച്ചകോടിയുടെ തുടക്കത്തില്‍ ലോകത്തെ ജൈവവൈവിധ്യത്തിന്റെ പാതി 2030-ഓടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തില്‍ 32 ലക്ഷം ജനങ്ങള്‍ ഒപ്പട്ടിരുന്നു. ഡിസംബര്‍ ഏഴിന് ആരംഭിച്ച് തിങ്കളാഴ്ച അവസാനിച്ച ഉച്ചകോടിയില്‍ ഇരുനൂറോളം രാജ്യങ്ങള്‍ പങ്കെടുത്തു.