ജലസ്രോതസുകള്‍ പ്ലാസ്റ്റിക് രഹിതമാക്കും, അലിയാന്‍സിന്റെ പദ്ധതിക്ക് തുടക്കം

By Web Desk.13 07 2022

imran-azhar

 

തിരുവനന്തപുരം: ജില്ലയിലെ കനാലുകള്‍, നദികള്‍, പോഷകനദികള്‍ എന്നിവയില്‍ നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ച് നീക്കം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അലിയാന്‍സ് തുടക്കം കുറിച്ചു. ഇന്ത്യയില്‍ സാന്നിധ്യമുള്ള ജര്‍മന്‍ സോഷ്യല്‍ എന്റര്‍പ്രൈസായ പ്ലാസ്റ്റിക്ക് ഫിഷറുമായി ചേര്‍ന്നാണ് അലിയാന്‍സിന്റെ പ്രവര്‍ത്തനം.നദികളിലും കനാലുകളിലും കൈവഴികളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനും സമുദ്രങ്ങളിലേക്ക് പ്ലാസ്റ്റിക്ക് കടക്കുന്നത് തടയുന്നതിനുമായി പ്ലാസ്റ്റിക് ഫിഷര്‍ നൂതനവും ലളിതവുമായ ഒരു പ്രക്രിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 550 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയാണ് ലക്ഷ്യം. ദീര്‍ഘകാല മാലിന്യ സംസ്‌കരണവും പദ്ധതി ലക്ഷ്യമിടുന്നു. രണ്ട് സ്ഥലങ്ങളില്‍ നിന്നായി ഇതുവരെ 16 ടണ്‍ പ്ലാസ്റ്റിക് ശേഖരിച്ചിട്ടുണ്ട്.

 

തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള ഒന്നിലധികം കനാലുകളിലേക്കും നദികളിലേക്കും പോഷകനദികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. മൂന്ന് വര്‍ഷമാണ് പദ്ധതി കാലാവധി. പ്രദേശവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി.

 

തിരുവനന്തപുരത്ത് എട്ടു സ്ഥലത്താണ് അനുമതി ലഭിച്ചത്. തമ്പാനൂര്‍ തോടില്‍ രണ്ട്, ഉള്ളൂര്‍ തോട് എന്നിങ്ങനെ മൂന്നിടത്താണ് ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നത്. നാലാമത്തേതിന്റെ പ്രീ-ഇന്‍സ്റ്റലേഷന്‍ ജോലികള്‍ പട്ടം തോടില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ രണ്ട് സ്ഥലങ്ങളിലായി 16 ടണ്‍ പ്ലാസ്റ്റിക്കാണ് ഇതുവരെ ജലാശയങ്ങളില്‍ നിന്ന് ശേഖരിച്ചത്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ 12 സൈറ്റുകള്‍ വീതവും മൂന്നാം വര്‍ഷത്തില്‍ 24 സൈറ്റുകളും പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം.

 

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനും നദി ശുചീകരണ സംരംഭങ്ങള്‍ക്കും പ്ലാസ്റ്റിക് ഫിഷര്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. ഈ പദ്ധതിക്കായി തിരുവനന്തപുരം നഗരസഭയുമായും ശുചിത്വ മിഷനുമായും ജലസേചനവകുപ്പുമായും സഹകരിച്ചാണ് പ്ലാസ്റ്റിക് ഫിഷര്‍ പ്രവര്‍ത്തിക്കുന്നത്.

 

ഒന്നിലധികം പ്ലാസ്റ്റിക് പാളികളുള്ള പ്ലാസ്റ്റിക് ബാഗുകളും സാഷേകളും ഉള്‍പ്പെടുന്ന മാലിന്യങ്ങളില്‍ നിന്ന് പുനരുപയോഗിക്കാവുന്ന മാലിന്യങ്ങളെ വേര്‍തിരിക്കുന്നു. ഇത് സംസ്‌കരിച്ച് റീസൈക്ലിംഗ് പ്ലാന്റുകളിലേക്ക് കൊണ്ടുപോകും. റീസൈക്കിള്‍ ചെയ്യാത്തവ സിമന്റ് നിര്‍മ്മാണ പ്ലാന്റുകളിലേക്കും മാറ്റും.

 

 

 

OTHER SECTIONS