By Shyma Mohan.03 12 2022
ഗോവയിലെ ബീച്ചുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക കടല്‍ത്തീരത്ത് നിരനിരയായി സ്ഥാപിച്ചിട്ടുള്ള ഷാക്കുകളാണ്. വര്‍ണ്ണക്കുടകളും കിടക്കാനുള്ള സൗകര്യവും എല്ലാം ഒരുക്കിയിട്ടുള്ള അത്യുഗ്രന്‍ ഷാക്കുകള്‍. സ്വദേശിയെന്നോ, വിദേശിയെന്നോ ഇല്ലാതെ ഗോവയിലെത്തുന്ന സഞ്ചാരികളെ ഏവരെയും ആകര്‍ഷിക്കുന്നവയാണിവ.
ഗോവയില്‍ മാത്രമല്ല, രാജ്യത്തുടനീളമുള്ള എല്ലാ ബീച്ചുകളിലും ഇനി ഇത്തരം ഷാക്കുകളുണ്ടാകും. ഇതുസംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്കി. 2019ലെ തീരദേശ നിയന്ത്രണ വിജ്ഞാപനങ്ങളില്‍ വരുത്തിയ ഭേദഗതിയുടെ ഭാഗമായാണ് പുതിയ നീക്കം. നിലവിലുള്ള നിയമത്തിലെ ചില പഴുതുകള്‍ അടയ്ക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ട പ്രകാരം ചെറിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ തീരുമാനിക്കാന്‍ അനുവദിക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ പുതിയ വിജ്ഞാപനം. ഒറ്റപ്പെട്ട ജെട്ടികള്‍, ബ്രേക്ക് വാട്ടറുകള്‍, ഗ്രോയ്നുകള്‍, സാള്‍ട്ട് വര്‍ക്കുകള്‍, സ്ലിപ്പ് വേകള്‍, മാനവുല്‍ എറോഷന്‍ കണ്ട്രോള് ബണ്ടുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
2011ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തില്‍ ബീച്ച് ഷാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 2019ല്‍ നിയമങ്ങള്‍ പുതുക്കിയപ്പോള്‍ ഉത്തരവില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഗോവയിലെ ബീച്ചുകളില്‍ സ്ഥിതി ചെയ്യുന്ന ബീച്ച് ഷാക്കുകള്ക്കൊപ്പം മറ്റ് തീരദേശ സംസ്ഥാനങ്ങളിലും സമാനമായവ സ്ഥാപിക്കാനുള്ള സാധ്യത തുറക്കുന്നതാണ് പുതിയ തീരുമാനം. എന്നാല്‍ മഴക്കാലത്ത് ഷാക്കുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തികച്ചും താല്ക്കാലികവും കാലാനുസൃതവുമായ ഘടനകള്‍ മണ്‍സൂണ്‍ അല്ലാത്ത മാസങ്ങളില്‍ സ്ഥാപിക്കാമെന്നും മണ്‍സൂണ്‍ സമയത്ത് അവ പ്രവര്‍ത്തനരഹിതമാകുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
കണ്സള്ട്ടേഷന് സമയത്ത് എല്ലാ സംസ്ഥാനങ്ങളും ബീച്ച് ഷാക്കുകള്‍ സ്ഥാപിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചപ്പോള്‍ മഹാരാഷ്ട്രയും ഗോവയും മഴക്കാലത്ത് നാലുമാസത്തെ ഇടവേള വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.