പച്ചത്തുരുത്ത് പാരിസ്ഥിതിക ജാഗ്രതയുടെ അടയാളം

By ഡോ.ടി.എന്‍.സീമ.15 10 2020

imran-azhar

 

 

കാലാവസ്ഥാ വ്യതിയാനം ഭൂമിയില്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്. അതിരുകവിഞ്ഞ പ്രകൃതി ചൂഷണമാണ് കാലാവസ്ഥാ പ്രതിസന്ധിക്ക് മുഖ്യകാരണം. പരിസ്ഥിതിയില്‍ സംഭവിക്കുന്ന തകര്‍ച്ച കാര്‍ഷിക സമ്പദ് വ്യവസ്ഥയെയും കാലാവസ്ഥയെയും മനുഷ്യജീവിതത്തെയും ഗുരുതരമായി ബാധിക്കും.
കേരളത്തില്‍ അടുത്ത കാലങ്ങളിലുണ്ടായ അതിതീവ്രമഴയും പ്രളയവും കുന്നിടിച്ചിലുമൊക്കെ ജനങ്ങളെ നല്ല തോതില്‍ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിന് പരിഹാരം പാരിസ്ഥിതിക ആരോഗ്യം വീണ്ടെടുക്കാന്‍ ബോധപൂര്‍വ്വം ഇടപെടുക എന്നതാണ്. പാരിസ്ഥിതിക പുനഃസ്ഥാപനത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയ ഹരിതകേരളം മിഷന്‍ ഈലക്ഷ്യത്തിനായി വിവിധ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജനകീയ പങ്കാളിത്തത്തിലും ഏറ്റെടുത്തിട്ടുണ്ട്. അതില്‍ സുപ്രധാനമായൊരു ചുവടുവയ്പാണ് 'പച്ചത്തുരുത്ത്'. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യ വര്‍ഷം മുതല്‍ വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയത്.

 

കേരളത്തില്‍ ഔദ്യോഗിക അനൗദ്യോഗിക തലങ്ങളില്‍ നാളിതുവരെ നടന്നിട്ടുള്ള വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ അവലോകനം ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെ ഉള്‍പ്പെടുത്തി പലഘട്ടങ്ങളിലായി നടത്തിയിരുന്നു. സാമൂഹിക വനവല്‍ക്കരണ വകുപ്പ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, കേരള വന ഗവേഷണ കേന്ദ്രം, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വിവിധ സര്‍വ്വകലാശാലകളിലെ സസ്യശാസ്ത്ര മേധാവികള്‍, ഗവേഷകര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല, വ്യക്തിപരമായി വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍, സംഘടനകള്‍ തുടങ്ങിയവരുമായി നിരന്തരം ആശയ വിനിമയം നടത്തിയാണ് പച്ചത്തുരുത്ത് എന്ന ആശയത്തിന് ഉള്‍ക്കാഴ്ച പകര്‍ന്നത്. കേവലം വൃക്ഷവല്‍ക്കരണ പരിപാടി എന്നതിലുപരി ജൈവവൈവിധ്യ സംവിധാനത്തെ സാമൂഹ്യ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കാനും പരിപാലിക്കാനും പ്രത്യേക ശ്രദ്ധ ഈ സംരഭത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ തലമുറയ്ക്കും വരും തലമുറയ്ക്കും ഇതിന്റെ ആവശ്യകത പ്രായോഗികമായി ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് പച്ചത്തുരുത്ത് ജനകീയ ഉദ്യമമായി ആവിഷ്‌കരിച്ചത്.

 

2019 ലെ പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പഞ്ചായത്തില്‍ വേങ്ങോട് വാര്‍ഡില്‍ ആറു സെന്റ് ഭൂമിയിലാണ് പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി നീര്‍മാതളം നട്ടത്. അര സെന്റ് മുതല്‍ എത്ര ഭൂമി വരെയും പച്ചത്തുരുത്തിനായി ഉപയോഗിക്കാം എന്ന സമീപനമാണ് ഹരിതകേരളം മിഷന്‍ മുന്നോട്ടു വച്ചത്. പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണത്തിന് ഊന്നല്‍ നല്കുന്നതായതിനാല്‍ വിദേശ സസ്യങ്ങളെ പച്ചത്തുരുത്തില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. വിദ്യാലയങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും പരിസരങ്ങളില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നതിനും മാലിന്യം വലിച്ചെറിയാന്‍ ആളുകള്‍ ഉപയോഗിക്കുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കി തൈകള്‍ വച്ച് പിടിപ്പിച്ച്് സംരക്ഷിക്കുന്നതിനുമുള്ള ഇടപെടലുകള്‍ പലയിടത്തും നടന്നു. ജൈവ വൈവിധ്യത്തിന്റെ കലവറകളായ കാവുകളി വൃക്ഷങ്ങളും പുഴകളുടെയും കായലുകളുടെയും തീര സംരക്ഷണത്തിന് കണ്ടല്‍ക്കാടുകള്‍ വച്ച് പിടിപ്പിക്കുന്നതും പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമാണ്.

 

പരമ്പരാഗത ഇനങ്ങളായ ഫലവൃക്ഷങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്. 2020 ജൂണ്‍ ആകുമ്പോഴേക്കും ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഇപ്പോള്‍ ലക്ഷ്യം കടന്ന് വിജയത്തിലെത്തിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഹരിതകേരളം മിഷന്‍. നിലവില്‍ 590 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 454 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള 1261 പച്ചത്തുരുത്തുകളില്‍ ബഹുഭൂരിഭാഗവും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് നടപ്പിലാക്കിയത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, വിവിധ മതസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍വകുപ്പുകള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ കലവറയില്ലാത്ത സഹകരണം ഈ പദ്ധതിയുടെ വിജയത്തിന് ഏറെ സഹായിച്ചിട്ടുണ്ട്.

 

പച്ചത്തുരുത്തുകള്‍ ആരംഭിച്ചതുകൊണ്ടുമാത്രം പദ്ധതി സമ്പൂര്‍ണ്ണമാകുകയില്ല എന്ന ബോധ്യം ഉള്‍ക്കൊണ്ട് അവയുടെ  തുടര്‍ പരിപാലനം ഉറപ്പുവരുത്താന്‍ ഹരിതകേരളം മിഷന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. ഇതുവരെ സൃഷ്ടിച്ച പച്ചത്തുരുത്തുകളുടെ മൂന്നുവര്‍ഷത്തെ തുടര്‍പരിപാലനം തൊഴിലുറപ്പ് പദ്ധതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല ഓരോ പച്ചത്തുരുത്തിന്റെയും സംരക്ഷണാര്‍ത്ഥം പ്രാദേശിക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. ഉപഗ്രഹ മാപ്പിംഗ് സംവിധാനത്തോടെ എല്ലാ പച്ചത്തുരുത്തുകളെയും മാപ്പത്തോണില്‍ അടയാളപ്പെടുത്തുന്ന പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് ഒന്ന് എന്ന തോതില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പച്ചത്തുരുത്തുകള്‍ തീര്‍ക്കാനുള്ള ശ്രമം ഉണ്ടാകേണ്ടതുണ്ട്.

 

സര്‍ക്കാര്‍ ഭൂമിയിലെന്നപോലെ സ്വകാര്യ ഭൂമിയിലും കൂടുതല്‍ പച്ചത്തുരുത്തുകളുണ്ടാക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഹരിതകേരളം മിഷന്റെ പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ടാകും. നാട്ടില്‍ വളര്‍ന്നു വരുന്ന പച്ചത്തുരുത്തുകള്‍ക്ക് സംരക്ഷണവും പരിചരണവും നല്‍കാന്‍ സര്‍വ്വാത്മനാ സഹകരണമാണ് ഏവരില്‍ നിന്നും ഹരിതകേരളം മിഷന്‍ പ്രതീക്ഷിക്കുന്നത്. വയനാട്ടിലെ മീനങ്ങാടി പോലെ കൂടുതല്‍ പഞ്ചായത്തുകളെ കാര്‍ബണ്‍ ന്യൂട്രല്‍ പദവിയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും മിഷന്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുവരെ നാം നേരിട്ട പരിസ്ഥിതി ദുരന്തങ്ങളില്‍ നിന്നുള്ള അനുഭവപാഠങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ പാരിസ്ഥിതിക ബോധത്തിന്റെ വെളിച്ചത്തില്‍ നാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ വീണ്ടെടുക്കുകയാണ് മുഖ്യകടമ. ഈ വസ്തുത മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ പാരിസ്ഥിതിക ജാഗ്രതയുടെ ഫലപ്രാപ്തിയുള്ള പ്രായോഗിക ഇടപെടലാണ് ഹരിതകേരളം മിഷന്‍ യാഥാര്‍ത്ഥ്യമാക്കിയ പച്ചത്തുരുത്തുകള്‍ എന്ന് നിസംശയം പറയാം.

 

കേരളത്തിന്റെ പാരിസ്ഥിതിക നവോത്ഥാനത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുന്ന പച്ചത്തുരുത്തുകള്‍ പരിസ്ഥിതി പുനസ്ഥാപന പ്രക്രിയയിലെ ശ്രദ്ധേയമായ ഇടപെടലാണ്. ഹരിതകേരളം മിഷനിലൂടെ ഈ സര്‍ക്കാര്‍ മുന്നോട്ട വച്ച ആശയങ്ങളുടേയും കേരളത്തിന്റെ പാരിസ്ഥിതിക അവബോധത്തിന്റെയും ജീവനുള്ള അടയാളങ്ങളായി പച്ചത്തുരുത്തുകള്‍ ഈ മണ്ണില്‍ നിലനില്‍ക്കും.

 

 

OTHER SECTIONS