By Ameena Shirin s.03 07 2022
മൈസൂരു: നാഗര്‍ഹോളെ കടുവസങ്കേതത്തിനുസമീപം കണ്ടെത്തിയ പുള്ളിപ്പുലിക്കുഞ്ഞിനെ അമ്മപ്പുലിക്കൊപ്പം ഒന്നിപ്പിച്ച് വനപാലകര്‍. കടുവാസങ്കേതത്തിലെ കബനി തടാകത്തിനുസമീപത്തെ സ്വകാര്യഭൂമിയിലാണ് ഒന്നരവയസ്സുള്ള ആണ്‍പുലിക്കുഞ്ഞിനെ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലിക്കുഞ്ഞിനെ കണ്ട പ്രദേശവാസികള്‍ വനംവകുപ്പിനെ വിവരമറിയിച്ചു. നാഗര്‍ഹോളെ ഡയറക്ടര്‍ ഡി. മഹേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം അധികൃതര്‍ മരപ്പലകകളുപയോഗിച്ച് ബാരിക്കേഡ് തീര്‍ത്ത് പുലിക്കുഞ്ഞിന് സുരക്ഷയൊരുക്കി. തോക്കുമായി അഞ്ച് വനപാലകരാണ് കാവല്‍നിന്നത്.
ബുധനാഴ്ച രാവിലെ അമ്മപ്പുലിയെത്തി ബാരിക്കേഡ് തകര്‍ത്ത് കുഞ്ഞിനെയെടുത്ത് പോകുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലിക്കുഞ്ഞിന്റെ ചിത്രം സഹിതം നാഗര്‍ഹോളെ കടുവസങ്കേതം അധികൃതര്‍ ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.