By santhisenanhs.19 09 2022
സമുദ്രം അദ്ഭുതങ്ങളുടെ കലവറയാണ്. മനുഷ്യന് ഇന്നോളം കണ്ടെത്താനോ അറിയാനോ കഴിയാത്ത ആയിരക്കണക്കിന് ജീവജാലങ്ങൾ സമുദ്രത്തിൽ ഇനിയും ബാക്കിയുണ്ട്. അത്തരത്തിൽ ഒന്നിനെ കണ്ടെത്തിയതായുള്ള വാർത്തയാണ് അമേരിക്കൻ ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നത്.
നീല നിറത്തിൽ താരതമ്യേന ചെറിയ ശരീരമുള്ള ജീവിയെ കരീബിയൻ സമുദ്രത്തിൽ നിന്നുമാണ് കണ്ടെത്തിയത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. സമുദ്രോപരിതലത്തിൽ നിന്നും 1400 അടി താഴ്ചയിൽ പര്യവേഷണം നടത്തുന്നതിനിടെയാണ് വിചിത്ര ജീവി ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്.
അനിമേഷൻ ചലച്ചിത്രമായ മോൺസ്റ്റേഴ്സ് വേഴ്സസ് ഏലിയൻസിലെ ബോബ് എന്ന കഥാപാത്രത്തിന് സമാനമായ രൂപത്തിലാണ് വിചിത്ര ജീവി കാണപ്പെടുന്നത്. ജീവിയുടെ ദൃശ്യങ്ങളും ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്. കൈകാലുകൾ ഇല്ലാത്ത നിലയിലാണ് ജീവിയെ കണ്ടെത്തിയിരിക്കുന്നത്. കാഴ്ചയിൽ പശപശപ്പുള്ളതെന്ന് തോന്നുന്ന ശരീരമുള്ള ജീവിക്ക് കൃത്യമായ ഒരു മുഖമോ ശരീരഘടനയോ ഇല്ല. ഉടലിൽ ആകമാനം ചെറുമുഴകളുള്ളതായാണ് കാണപ്പെടുന്നത്.
പര്യവേഷണത്തിനിടെ ഒന്നിലധികം തവണ ഇത്തരം ജീവികളെ സമുദ്രത്തിന്റെ അടിത്തട്ടിൽ കാണാൻ സാധിച്ചതായി ഗവേഷകർ പറയുന്നു. ജീവിയുടെ സാമ്പിളുകൾ ശേഖരിച്ചാൽ മാത്രമേ അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാകൂ. ജീവിയെ നിരീക്ഷിച്ചതിൽനിന്നു അതിന് ശരീരം സ്വയം വികസിപ്പിക്കാനും സങ്കോചിപ്പിക്കാനും സാധിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം. സമുദ്രത്തിന്റെ അടിത്തട്ടിനോട് ചേർന്ന് കിടക്കുന്ന നിലയിലാണ് ജീവികളെ കണ്ടെത്തിയത്. കടൽ സ്പോഞ്ചുകളെക്കുറിച്ചും പവിഴപ്പുറ്റുകളെക്കുറിച്ചും പഠനം നടത്തുന്ന വിദഗ്ധരുടെ സഹായവും ജീവിയെ കൃത്യമായി തിരിച്ചറിയുന്നതിന് ആവശ്യമായി വന്നേക്കുമെന്ന് ഗവേഷകർ പറയുന്നു.
ഗവേഷകർ പുറത്തുവിട്ട വിചിത്ര ജീവിയുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. മധ്യ- അറ്റ്ലാന്റിക് മേഖലയിലെ സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ചും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും സമുദ്ര ജീവികളെക്കുറിച്ചും പഠനം നടത്തുന്നതിനായാണ് ഗവേഷകർ പര്യവേഷണം നടത്തുന്നത്. ഇന്നോളം പഠനം നടത്താത്ത മേഖലകളെക്കുറിച്ച് കൂടുതൽ അറിയുന്നതിനാണ് ഗവേഷണം.