ഇനി വരുന്നത് ഹിമാലയന്‍ ഭൂകമ്പം?

By Web Desk.11 01 2021

imran-azhar

 

 

ഒരുപക്ഷെ മനുഷ്യരാശി നിലനില്‍ക്കുകാലം ഒരിക്കലും മറക്കാനാകാത്ത വര്‍ഷങ്ങളില്‍ ഒന്നായിരിക്കും 2020. വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ലോകം ട്വന്റി ട്വന്റിയെ വരവേറ്റത്. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത സാഹചര്യങ്ങളാണ് 2020 ലോകത്തിന് സമ്മാനിച്ചത്. രാജ്യാതിര്‍ത്തികളില്ലാതെയായിരുന്നു കോവിഡ് മഹാമാരിയുടെ ആശങ്ക ലോകത്തെ കീഴ്‌പ്പെടുത്തിയത്.

 

2020 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആ ഭീതിയ്ക്ക് ഇന്നും പൂര്‍ണമായ പരിഹാരം ലഭിച്ചിട്ടില്ല. മഹാമാരിക്കൊപ്പം തന്നെ പ്രകൃതി ദുരന്തങ്ങളും മനുഷ്യരാശിക്ക് ഭീഷണിയുണ്ടാക്കി. മണ്ണിടിച്ചില്‍, കാട്ടുതീ, വെള്ളപ്പൊക്കം, രോഗങ്ങള്‍, വെട്ടുക്കിളി ആക്രമണങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ആശങ്കകളെ ഇരട്ടിപ്പിച്ചു. എന്നാല്‍ അതെല്ലാം ഒരു തുടക്കം മാത്രമാണെന്നാണ് ശാസ്ത്രത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

 

ലോകത്തെ പ്രമുഖ ഭൂകമ്പ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമനുസരിച്ച്, ഹിമാലയന്‍ ശ്രേണിയെ തകര്‍ക്കുന്ന ഒരു വലിയ ഭൂകമ്പമാണ് ഇനി ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. റിക്ടര്‍ സ്‌കെയില്‍ 8ന് മുകളില്‍ പോകുന്ന ആ ഭൂകമ്പം രാജ്യത്ത് വലിയ നാശം വിതയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചണ്ഡീഗഢ്, ന്യൂഡല്‍ഹി തുടങ്ങി സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുക.

 

സങ്കല്‍പ്പിക്കാനാകാത്ത അളവില്‍ ആളുകള്‍ മരണപ്പെടുമെന്നാണ് അതിലെ മുന്നറിയിപ്പ്. 2018ലും സമാനമായി അതിതീവ്ര ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞരായിരുന്നു പഠനങ്ങള്‍ക്ക് പിന്നില്‍.

 

അന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, ടെക്‌റ്റോണിക്-പ്ലേറ്റ് കൂട്ടിയിടി കാരണം ഹിമാലയം പോലുള്ള പര്‍വതപ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ വളരെ ശക്തികൂടിയതാകും എന്നും കണ്ടെത്തിയിരുന്നു. അരുണാചല്‍പ്രദേശിന്റെ (ഇന്ത്യ) കിഴക്ക് അതിര്‍ത്തി മുതല്‍ പാക്കിസ്ഥാന്‍ (പടിഞ്ഞാറ്) വരെ നീളുന്ന മുഴുവന്‍ ഹിമാലയന്‍ കമാനവും മുന്‍കാലങ്ങളില്‍ വലിയ ഭൂകമ്പങ്ങളുടെ ഉറവിടമായിരുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

 

നിലവിലുള്ള പഠന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പുതിയ റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ത്തുവെച്ച് നടത്തിയ പഠനത്തിലാണ് ഭൂകമ്പത്തിന്റെ സാധ്യത കൂടുതല്‍ വ്യക്തമായത്. ഹിമാലയത്തിന് അടുത്ത് കിടക്കുന്ന നഗരങ്ങളാണ് ഇന്ത്യയിലെ ചണ്ഡീഗഢും, ഡെറാഡൂണും, നേപ്പാളിലെ കാഠ്മണ്ഡുവും. ഭൂകമ്പത്തിന്റെ ആഘാതം 11 ദശലക്ഷത്തിലധികം ആളുകള്‍ തങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഡല്‍ഹി വരെ തെക്കോട്ട് വ്യാപിക്കും എന്നാണ് വെസ്‌നൗസ്‌കി സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ നിരവധി ചെറിയ ഭൂകമ്പങ്ങള്‍ക്ക് ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചിരുന്നു.

 

1315നും 1440നും ഇടയിലുള്ള കാലത്താണ് ഏറ്റവും ഒടുവിലായി ഹിമാലയം ഉള്‍പ്പെടുന്ന മേഖലയില്‍ അതിതീവ്ര ഭൂകമ്പം ഉണ്ടായത്. 600 കിലോമീറ്റര്‍ വ്യാപ്തിയിലുള്ള ഈ ഭൂകമ്പം 8.5ല്‍ കൂടുതല്‍ തീവ്രത ഉള്ളതായിരുന്നു എന്നാണ് ഗവേഷകരുടെ നിഗമനം. ഇത്തരമൊരു ഭൂകമ്പം സമീപ ഭാവിയില്‍ ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അവസാനം ഇവിടെയുണ്ടായ ഭൂകമ്പത്തിനു ശേഷം 600-700 വര്‍ഷമായി ഇന്ത്യയുടെ അതിര്‍ത്തി മേഖലയും പടിഞ്ഞാറന്‍ നേപ്പാളും അടങ്ങുന്ന പ്രദേശത്ത് മറ്റൊരു ഭൂകമ്പത്തിനുള്ള സാധ്യത രൂപപ്പെടുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

 

2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഭൂകമ്പത്തെ ഹിമാലയവുമായി നേരിട്ടു ബന്ധപ്പെടുത്താനാകില്ല. ഹിമാലയത്തിന്റെ സമ്മര്‍ദ്ദം മൂലമല്ല ഈ ഭൂകമ്പം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇത്തരമൊരു ഭൂകമ്പം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം.

 

യൂറോപ്യന്‍ ഫലകവും ഇന്റോ ഓസ്‌ട്രേലിയന്‍ ഫലകവും കൂടിച്ചേരുന്ന മേഖല. ഇവിടെയുണ്ടാകുന്ന ഉരസലുകള്‍ വര്‍ഷത്തില്‍ നിശ്ചിത മില്ലിമീറ്റര്‍ വീതം ഹിമാലയത്തിന്റെ ഉയരം വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നു. ഫലകങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തിനു പുറമെയാണ് മനുഷ്യര്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം.

 

ഹിമാലന്‍ മേഖലകളില്‍ പെരുകുന്ന ജനവാസവും ഇത്തരമൊരു വലിയ ഭൂചലനത്തിലേക്കു വഴിവയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രവചിക്കപ്പെട്ടിരിക്കുന്ന വിധത്തില്‍ ഒരു ഭൂകമ്പമുണ്ടായാല്‍ അത് വലിയ വിപത്താണ് ഉണ്ടാക്കുകയെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയും നിര്‍മ്മാണങ്ങളും അപകടത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കും. മാത്രമല്ല, ഇത്തരമൊരു ഭൂകമ്പത്തെ നേരിടുന്നതിന് തക്കതായ തയ്യാറെടുപ്പുകള്‍ ഇല്ലെന്നതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്.

 

OTHER SECTIONS