By santhisenanhs.10 03 2022
ഗ്രീക്ക് ദ്വീപായ കോര്‍ഫുവില്‍ മൂന്ന് തിമിംഗലങ്ങള്‍ കരക്കടിഞ്ഞത് സമുദ്രത്തിലെ സൈസ്മിക് പരിശോധന മൂലമെന്ന് സംശയം. കഴിഞ്ഞ മാസമാണ് കുവിയേഴ്സ് ബീക്ക്ഡ് വിഭാഗത്തില്‍പെട്ട മൂന്ന് തിമിംഗലങ്ങള്‍ ഐയോണിയന്‍ കടലില്‍ കരക്കടിഞ്ഞത്.
പ്രധാന സമുദ്ര ജീവികളുടെ വാസസ്ഥലമായ ഹെലനിക് ട്രെഞ്ച്, ഐയോണിയന്‍ സീ ആര്‍ക്കിപെലഗോ എന്നീ പ്രദേശങ്ങള്‍ക്ക് സമീപം അടുത്തിടെ നങ്കൂരമിട്ടിരുന്ന എസ്.ഡബ്ല്യു കുക്ക് എന്ന കപ്പല്‍ സംശയത്തിന്റെ നിഴലിലാണ്.
ഹെലനിക് പെട്രോളിയം എന്ന എണ്ണകമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കായി പ്രദേശത്ത് സൈസ്മിക് പരിശോധന നടത്തിയെന്നാണ് നിഗമനം. എന്നാല്‍ ആരോപണങ്ങളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫോസില്‍ ഇന്ധനങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് നടത്തുന്ന പരിശോധനയാണ് സൈസ്മിക് പരിശോധന.
കരക്കടിയുന്ന തിമിംഗലങ്ങള്‍ ഗ്രീസില്‍ സാധാരണ കാഴ്ചയാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ അരോഗദൃഢഗാത്രരായ മൂന്ന് തിമിംഗലങ്ങള്‍ കരക്കടിഞ്ഞത് അസാധാരണമായി വിലയിരുത്തപ്പെടുന്നു.
കടലിനടിയില്‍ ഏറെ ആഴത്തില്‍ സഞ്ചരിക്കുന്ന കുവിയേഴ്സ് തിമിംഗലങ്ങള്‍ കരക്കടിയുന്നത് അപൂര്‍വ കാഴ്ചയാണ്. ഫോസില്‍ ഇന്ധനങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ നടത്തുന്ന സൈസ്മിക് പരിശോധന സമുദ്ര ജന്തുജാലങ്ങള്‍ക്ക് പ്രതികൂല ഫലങ്ങളാണ് സംഭാവന ചെയ്യുന്നതെന്ന് പഠനങ്ങള്‍ നല്‍കുന്ന സൂചന.
സമുദ്രത്തിന്റെ അടിത്തട്ടില്‍ ഫോസില്‍ ഇന്ധനങ്ങളുടെ സാന്നിധ്യം തിരിച്ചറിയാനായി എയര്‍ഗണുകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി സ്ഫോടനം നടത്തുന്ന പ്രക്രിയയാണ് സൈസ്മിക് ടെസ്റ്റിംഗ്. ഇത് 250 ഡെസിബല്ലില്‍ ഏറെ അളവിലുള്ള ശബ്ദതരംഗങ്ങള്‍ക്ക് കാരണമാകുകയും സമുദ്ര ജീവികളെ ബാധിക്കുകയും ചെയ്യുമെന്നാണ് നിഗമനം. ഐയോണിയന്‍ കടലിലെ എണ്ണ, വാതക പര്യവേഷണം വര്‍ധിച്ചു വരുന്ന പാരിസ്ഥിതിക പ്രശ്‌നമായി മാറിയിട്ടുണ്ട്.