By priya.01 08 2022
തൃശ്ശൂര്‍: മോഷണ വസ്തു സൂക്ഷിക്കാന്‍ ശരീരത്തിന്റെ അടിവശത്തായി സഞ്ചിപോലൊരു മടക്കുണ്ട്. ഈ സവിശേഷതയുള്ളത് ഒരു ഉറുമ്പിനാണ്. മറ്റ് ഉറുമ്പുകളുടെ മുട്ടകളാണ് മോഷ്ടിക്കുന്നത്. ഇത്തരത്തില്‍ വ്യത്യസ്തമായ ഉറുമ്പിനെ കേരളത്തിലും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.പ്രോസെറാറ്റിയം ഗിബ്ബോസം എന്ന ഇനത്തില്‍ ഉള്‍പ്പെട്ട ഉറുമ്പാണിത്.തെക്കേ ഇന്ത്യയില്‍ ആദ്യമായി പെരിയാര്‍ കടുവസംരക്ഷണകേന്ദ്രത്തിലെ വള്ളക്കടവില്‍ നിന്നാണ് കണ്ടെത്തിയത്.
തവിട്ടു നിറമാണ് ഈ ഉറുമ്പിനുള്ളത്. മേഘാലയ, യു.പി., ബംഗാള്‍ എന്നിവിടങ്ങളിലാണ് മുന്‍പ് ഈ ഉറുമ്പിനെ കണ്ടിട്ടുള്ളത്.ഈ ഉറുമ്പുകള്‍ മണ്ണില്‍ കൂടുവയ്ക്കുന്ന ചിലന്തികളുടെ മുട്ടകളും മോഷ്ടിക്കും.നിത്യഹരിതവനത്തിലെ ദ്രവിച്ച കരിയിലകള്‍ക്കടിയിലാണ് ഇവയുടെ താമസം.എന്തെങ്കിലും ആപത്തു സൂചനയുണ്ടായാല്‍ മണ്ണില്‍ പതിഞ്ഞിരിക്കുകയാണ് പതിവ്.
ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഉറുമ്പിനെ തിരിച്ചറിഞ്ഞത്. ഗവേഷകരായ ഡോ. കലേഷ് സദാശിവനും മനോജ് കൃപകാരനുമാണ് പഠനം നടത്തിയത്. പശ്ചിമഘട്ടത്തില്‍നിന്ന് ഗവേഷകര്‍ മറ്റ് രണ്ട് ഉറുമ്പുകളെയും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പേപ്പറ വന്യജീവി സങ്കേതത്തിലെ ബോണക്കാട് നിന്ന് കിട്ടിയ വോളന്‍ഹോവിയ കേരളന്‍സിസ് എന്ന ഇനം ഉറുമ്പ് വീണുകിടക്കുന്ന മരങ്ങളുടെ വിടവുകളിലാണ് താമസം.
മരങ്ങളിലെ ഇടുങ്ങിയ വിടവുകള്‍ക്കുള്ളില്‍ കൂടി സഞ്ചരിക്കുന്നതിന് സഹായകരമായ രീതിയിലാണ് ഇവടുടെ ശരീരഘടനയുള്ളത്.ചെറു പുഴുക്കളേയും ചെറു ജീവികളേയുമാണ് ഇവ ആഹാരമാക്കാറുള്ളത്. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ മുമ്പ് ഇതിനെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാസ്ഫിന്‍ക്ടസ് സഹ്യാദ്രിയന്‍സിസ് എന്ന മൂന്നാമത്തെയിനത്തെ ഇന്ത്യയില്‍ ആദ്യമായിട്ടാണ് കണ്ടെത്തുന്നത്. പേപ്പറ വന്യജീവി സങ്കേതത്തിലെതന്നെ പൊന്മുടിമലയിലാണ് ഇവയെ കണ്ടെത്തിയത്.
മണ്ണിനടിയില്‍ താമസിക്കുന്ന ഈ ഉറുമ്പുകള്‍ സ്വയം നിര്‍മിക്കുന്ന തുരങ്കങ്ങളിലൂടെയാണ് സഞ്ചാരം. മറ്റു ഉറുമ്പുകളുടെ ലാര്‍വകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ആഫ്രിക്ക, ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങളില്‍ ഇവയുടെ വര്‍ഗക്കാരുണ്ട്. മൂന്ന് ഉറുമ്പുകളും കടിക്കുന്ന വിഭാഗത്തിലുള്ളവയല്ല.