അഞ്ചിനം പവിഴപ്പുറ്റുകൾ; ഗ്രേറ്റ് ബാരിയര്‍ റീഫില്‍ പുതിയ ബ്ലാക്ക് കോറല്‍ ഇനങ്ങളെ കണ്ടെത്തി

By Lekshmi.27 11 2022

imran-azhar

 

 

ഗ്രേറ്റ് ബാരിയര്‍ റീഫിന് സമീപം പുതിയ അഞ്ചിനം പവിഴപ്പുറ്റുകളെ കണ്ടെത്തി. സമുദ്രോപരിതലത്തില്‍ നിന്ന് 2,500 അടി താഴെ ഓസ്‌ട്രേലിയന്‍ തീരത്തിന് സമീപത്തായാണ് ബ്ലാക്ക് കോറൽ വിഭാഗത്തില്‍പ്പെട്ട
പവിഴപ്പുറ്റുകളെ കണ്ടെത്തിയത്.കടലിന്റെ ആഴം കുറഞ്ഞ ഇടങ്ങളിലും സമുദ്രോപരിതലത്തില്‍ നിന്ന് 26,000 അടി താഴെ വരെയും ബ്ലാക്ക് കോറലുകൾ കണ്ടുവരാറുണ്ട്. ഒറ്റപ്പെട്ട ചില പവിഴപ്പുറ്റുകള്‍ക്ക് 4,000 വര്‍ഷം വരെ ജീവിക്കാന്‍ കെല്‍പ്പുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.

 

 

അന്തര്‍വാഹിനി ഉപയോഗിച്ചാണ് ഗ്രേറ്റ് ബാരിയര്‍ റീഫിലെയും കോറൽ സീയിലേയും ബ്ലാക്ക് കോറലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.സുബാസ്റ്റ്യന്‍ എന്ന അന്തര്‍വാഹിനി വികസിപ്പിക്കുന്നതിന് മുമ്പ് ഡ്രെഡ്ജിങ് പോലെയുള്ള മാര്‍ഗങ്ങളിലൂടെയായിരുന്നു പ്രദേശത്തെ പവിഴപ്പുറ്റുകളുടെ സാംപിളുകള്‍ ശേഖരിച്ചത്. എന്നാല്‍ ഇത്തരം മാർഗങ്ങൾ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗം ഗവേഷകര്‍ സ്വീകരിച്ചത്.

 

 

അന്തര്‍വാഹിനി സുരക്ഷിതമായി പവിഴപ്പുറ്റുകളുടെ സാംപിളുകള്‍ ശേഖരിക്കാനും അവയെ കുറിച്ച് വിശദമായ പഠനം നടത്താനും സഹായകമായി. ഓസ്‌ട്രേലിയന്‍ ഗവേഷകരാണ് അന്തര്‍വാഹിനി വികസിപ്പിച്ചെടുത്തത്. 130 അടി മുതല്‍ 6,000 അടിവരെയുള്ള സമുദ്രാന്തർഭാഗത്തെ പവിഴപ്പുറ്റുകളെ കുറിച്ച് പഠനം നടത്തുവാന്‍ അന്തര്‍വാഹിനിക്ക് കഴിയും.

 

 

ബാഹ്യമായ പ്രത്യേകതകളുടേയും DNA പരിശോധനയിലൂടെയുമാണ് പവിഴപ്പുറ്റുകളുടെ ഇനം തിരിച്ചറിയുന്നത്.മറ്റിനം പവിഴപ്പുറ്റുകളെ പോലെത്തന്നെ പ്രാധാന്യമേറിയവയാണ് ബ്ലാക്ക് കോറലുകളും. ചിലപ്പോഴൊക്കെ സമുദ്ര ജീവജാലങ്ങള്‍ക്ക് അഭയമാകുന്നതിനൊപ്പം ശത്രുക്കളില്‍ നിന്നും രക്ഷനേടാനും ബ്ലാക്ക് കോറലുകൾ സഹായിക്കുന്നു.

OTHER SECTIONS