181 കിലോഗ്രാം ഭാരം ഒന്നര മീറ്റര്‍ ഉയരം, വൈറലായി നീലത്തിമിംഗലത്തിന്റെ ഹൃദയം

By Greeshma Rakesh.16 03 2023

imran-azhar

 



ലോകത്തിലെ അത്ഭുത ജീവികളില്‍ നീലത്തിമിംഗലം എപ്പോഴും മുന്നിലാണ്. ഇപ്പോഴിതാ അതൊന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്ത്യയിലെ പ്രമുഖ വ്യവസായികളില്‍ ഒരാളായ ഹര്‍ഷ് ഗോയങ്കയാണ് നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. 181 കിലോഗ്രാം ഭാരവും 1.2 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ഉയരവും ഹൃദയത്തിനുണ്ടെന്ന് ഹര്‍ഷ് ഗോയങ്ക പറയുന്നു.

 

നീലത്തിമിംഗലങ്ങളുടെ ഹൃദയമിടിപ്പ് 3.2 കിലോമീറ്റര്‍ അകലെ പോലും കേള്‍ക്കാന്‍ പറ്റുമെന്നാണ് ചിത്രം പങ്ക് വെച്ച് കൊണ്ട് ഹര്‍ഷ് കുറിച്ചത്.2014-ല്‍ കാനഡയിലെ റോക്കി ഹാര്‍ബറില്‍ കരക്കടിഞ്ഞ നീലത്തിമിംഗലത്തിന്റേതാണ് ഹൃദയം. ഇതിന്റെ ജഡം പൂര്‍ണമായും അഴുകാത്തതിനാല്‍ ടൊറന്റോയിലെ റോയല്‍ ഒന്റാരിയോ മ്യൂസിയത്തില്‍ നിന്നും വിദ്ഗധരെത്തിയാണ് ഹൃദയം പുറത്തെടുത്തത്. മാത്രമല്ല ഹൃദയം പുറത്തെടുക്കാനായി ഏറെ നേരത്തെ പരിശ്രമവും നാല് പേരുടെ സഹായവും വേണ്ടിവന്നു.

 

ജര്‍മനിയിലെ ഗൂബനര്‍ പ്ലാസ്റ്റിനേറ്റ് എന്ന സ്ഥാപനത്തിലാണ് ഹൃദയം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. 700 ഗാലന്‍ ഫോര്‍മാള്‍ഡിഹൈഡ് ഹൃദയത്തിലേക്ക് പമ്പ് ചെയ്തും പ്ലാസ്റ്റിനേഷന്‍ പ്രക്രിയ വഴിയുമാണ് കേടുകൂടാതെ സൂക്ഷിച്ചത്.

 

ഹൃദയം ദീര്‍ഘ നാളത്തേക്ക് പരിപാലിക്കുന്നതിന് വേണ്ടിയാണ് പ്ലാസ്റ്റിനേഷന്‍ നടത്തുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017-ലാണ് ഹൃദയം മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയത്. കാനഡയിലെ റോയല്‍ ഒന്റാരിയോ മ്യൂസിയത്തിലാണ് നിലവില്‍ ഹൃദയമുള്ളത്.

 

80 അടി മുതല്‍ 110 അടി വരെ നീളം വെയ്ക്കാറുളള നീലത്തിമിംഗലങ്ങള്‍ പ്രധാനമായും ആഹാരമാക്കുന്നത് ക്രില്ലുകളെയാണ്. ആര്‍ട്ടിക് സമുദ്രം ഒഴികെയുള്ള മറ്റെല്ലാ സമുദ്രങ്ങളിലും നീലത്തിമിംഗലങ്ങളുടെ സാന്നിധ്യമുണ്ട്. നീലത്തിമിംഗലങ്ങളില്‍ തന്നെ അസാധാരണമാം വിധം വലിപ്പമുള്ള വിഭാഗം അന്റാര്‍ട്ടിക്ക് നീലത്തിമിംഗലങ്ങളാണ്.