താത്കാലിക നിരോധനം നീക്കി; തിമിംഗിലവേട്ട പുനരാരംഭിച്ച് ഐസ്ലന്‍ഡ്

By Greeshma Rakesh.04 09 2023

imran-azhar

 

  


വാണിജ്യപരമായുള്ള തിമിംഗലവേട്ടയ്ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിരോധനം നീക്കി ഐസ്ലന്‍ഡ്.ഈ വര്‍ഷം ആദ്യമാണ് രാജ്യത്ത് തിമിംഗിലവേട്ടയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം നീക്കിയതോടെ തിമിംഗിലവേട്ടയുടെ രീതിക്കും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാകുമെന്നറിയില്ല.

 

ഹാര്‍പ്പൂണുകള്‍ ഉപയോഗിച്ച് ഗ്രനേഡ് തിമിംഗലങ്ങളുടെ ശരീരത്തിലേക്ക് കുത്തികയറ്റി അത് പൊട്ടിച്ചാണ് വേട്ടയാടല്‍. ഈ രീതി തുടരുന്നടുത്തോളം കാലം വേദനാജനകമായ മരണത്തിന് തിമിംഗലങ്ങള്‍ വിധേയരാകുന്നത് തുടരുമെന്നാണ് മൃഗസ്‌നേഹികള്‍ പറയുന്നത്.

 

കപ്പലില്‍നിന്നും അയയ്ക്കുന്ന ഹാര്‍പ്പൂണുകള്‍ തിമിംഗലത്തിന്റെ ശരീരത്തില്‍ തറച്ച് അരമീറ്ററോളം ആഴത്തിലേക്ക് ഇറങ്ങിയ ശേഷം അതിന്റെ അറ്റത്തുള്ള ഗ്രനേഡ് പൊട്ടിത്തെറിക്കുന്നു, ഈ പൊട്ടിത്തെറിയില്‍ ഹാര്‍പ്പൂണിന്റെ അറ്റത്തുള്ള ഹുക്കുകള്‍ വികസിച്ച് തിമിംഗലത്തിന്റെ ഉള്ളില്‍നിന്നും ഊരിപ്പോകാത്ത തരത്തില്‍ വികസിക്കുന്നു.

 

ഹാര്‍പ്പൂണിന്റെ അറ്റത്തുള്ള കയര്‍ കൊണ്ട് കപ്പലിലേക്ക് തിമിംഗലത്തെ വലിച്ചുകയറ്റുന്നതാണ് രീതി. പിന്നീട് സ്‌ഫോടനത്തിനു ശേഷവും ഒരു മണിക്കൂര്‍ വരെ അവയില്‍ ജീവന്‍ ബാക്കിയുണ്ടാവും. കേന്ദ്രനാഡീവ്യൂഹത്തിനു കാര്യമായ തകരാര്‍ സംഭവിച്ചില്ലെങ്കില്‍ അവയെ കൊല്ലാന്‍ വീണ്ടും ഹാര്‍പ്പൂണുകള്‍ അയക്കേണ്ടി വരും.

 


ഐസ്ലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം മാത്രം വേട്ടയാടി കൊന്നത് 148 തിമിംഗിലങ്ങളെയാണ്. ഇതില്‍ 58 എണ്ണത്തെ വേട്ടയാടുന്നതിന്റെ വീഡിയോ ശേഖരിച്ച് അധികൃതര്‍ വിശകലനം ചെയ്തിരുന്നു. ഇത്തരത്തില്‍ വിശകലനം ചെയ്തതിലൂടെ 36 തിമിംഗിലങ്ങള്‍ക്ക് നേരെ ഒന്നിലധികം തവണ ഹാര്‍പ്പൂണ്‍ പ്രയോഗിച്ചതായി കണ്ടെത്തി.

 

അഞ്ച് തിമിംഗിലങ്ങള്‍ക്ക് മൂന്ന് തവണയും നാല് തിമിംഗിലങ്ങള്‍ക്ക് നാല് വട്ടവും ഇത്തരത്തില്‍ വെടിയേറ്റു. പലപ്പോഴും ഹാര്‍പ്പൂണ്‍ പ്രയോഗത്തിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് തിമിംഗിലങ്ങള്‍ ചാവുന്നതെന്ന് രാജ്യത്തെ ഫിന്‍ വെയിലുകളെ വേട്ടയാടുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 


നിരോധനം ഏര്‍പ്പെടുത്തിയ ശേഷം ഭക്ഷ്യവകുപ്പ്, നാഷണല്‍ ഫുഡ് ഏജന്‍സി, നോര്‍വീജിയന്‍ ഫിഷറീസ് ഏജന്‍സി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘമടങ്ങുന്ന ഒരു ഗ്രൂപ്പ് ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തിമിംഗിലങ്ങള്‍ അധികം വേദന അനുഭവിക്കാത്ത തരത്തില്‍ വേട്ടയാടല്‍ രീതി മാറ്റാനായിരുന്നു ഈ വിദഗ്ധ സംഘത്തെ രൂപീകരിച്ചത്.

 

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന തിമിംഗില വിഭാഗമാണ് ഫിന്‍ വെയിലുകള്‍. ഐസ്ലന്‍ഡ്, നോര്‍വെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോഴും തിമിംഗില വേട്ട തുടരുന്ന രാജ്യങ്ങള്‍. നീലത്തിമിംഗിലങ്ങള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സസ്തനിയാണ് ഫിന്‍ വെയിലുകള്‍.

 

 

OTHER SECTIONS