മനുഷ്യര്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ നീരാളികള്‍ ഉപയോഗിക്കുന്നതിങ്ങനെ

By Haritha Shaji.09 03 2022

imran-azhar


കഴിഞ്ഞ മാസം മറൈന്‍ പൊല്യൂഷന്‍ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം നീരാളികളും മനുഷ്യര്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും തമ്മിലുള്ള ഇടപഴകല്‍ വെളിപ്പെടുത്തുന്നതാണ്. വെള്ളത്തിനടിയില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് പഠനത്തില്‍ വിശകലനം ചെയ്തത്.

 

കടലില്‍ വലിച്ചെറിയപ്പെട്ട വസ്തുക്കളെ എങ്ങനെ നീരാളികള്‍ അവയുടെ വീടുപോലെയും അഭയകേന്ദ്രങ്ങള്‍ പോലെയും കണക്കാക്കുന്നു എന്ന് കാണിക്കുന്നതാണ് ഇത്.

 

'ആഴക്കടലില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ വളരെ രസകരമായിരുന്നു, കാരണം വലിയ ആഴത്തില്‍ പോലും ഇവ മാലിന്യങ്ങളെ ഉപയോഗിക്കുന്നു' ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സൂപ്പര്‍വൈസര്‍ പ്രൊഫസര്‍ മൈറ പ്രോയെറ്റി ദി ഗാര്‍ഡിയനോട് പറഞ്ഞു.

 

ആഴക്കടല്‍ നീരാളികള്‍ പതിറ്റാണ്ടുകളായി മനുഷ്യനിര്‍മിത വസ്തുക്കളില്‍ അഭയം പ്രാപിക്കുന്നത് നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നും ഗവേഷകര്‍ വിശദീകരിച്ചു. എന്നിരുന്നാലും, ഈ ഇടപെടലുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ബ്രസീലിയന്‍, ഇറ്റാലിയന്‍ ടീം ആഗ്രഹിച്ചു. ഇതിനായി, മൊത്തം 261 ഫോട്ടോഗ്രാഫുകള്‍ അവര്‍ പരിശോധിക്കുകയും മാലിന്യങ്ങളുമായി ഇടപഴകുന്ന 24 ഇനം നീരാളികളെ തിരിച്ചറിയുകയും ചെയ്തു.

 

ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയെല്ലാമാണ് നീരാളികള്‍ തങ്ങള്‍ക്ക് അഭയം പ്രാപിക്കാനുള്ള ഇടമാക്കി മാറ്റിയത്. ഇവ പാര്‍പ്പിടം പോലെ ഉപയോഗിക്കുന്നതിന് പുറമെ അവയെ മറയായി ഉപയോഗിക്കുന്നതായും കണ്ടെത്തി. ഫോട്ടോഗ്രാഫുകളില്‍ ഏറ്റവും സാധാരണയായി കണ്ട ഇനം ആംഫിയോക്ടോപസ് മാര്‍ജിനാറ്റസ് ആയിരുന്നു. ഉഷ്ണമേഖലാ ഇന്ത്യന്‍ മഹാസമുദ്രത്തിലും ഓസ്ട്രേലിയ, ന്യൂ ഗിനിയ, ദക്ഷിണ ജപ്പാന്‍ എന്നിവിടങ്ങളിലെ പസഫിക്കിലും ഇത് കാണപ്പെടുന്നു. പൊതുവേ, മറ്റേതൊരു പ്രദേശത്തേക്കാളും ഉയര്‍ന്ന ശതമാനം ചിത്രങ്ങളും ഏഷ്യയില്‍ നിന്നായിരുന്നു. അതില്‍ 41.6 ശതമാനം ഗ്ലാസ് ഉള്‍പ്പെട്ടപ്പോള്‍, 24.7 ശതമാനം പ്ലാസ്റ്റിക്കായിരുന്നു.

 

ഗ്ലാസ് ബോട്ടിലുകളിലും ക്യാനുകളിലും ഒരു പഴയ ബാറ്ററിയിലും പോലും 24 ഇനം നീരാളികള്‍ അഭയം പ്രാപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അധികം പൊട്ടാത്തതോ, ഇരുണ്ടതോ, അതാര്യമായതോ ആയ വസ്തുക്കളാണ് നീരാളികള്‍ തെരഞ്ഞെടുക്കുന്നത് എന്നും വിശകലനത്തില്‍ മനസിലായി.

 

''ഈ ഇടപെടലുകള്‍ നീരാളികള്‍ക്ക് പോസിറ്റീവ് ആയി തോന്നാമെങ്കിലും, കടല്‍ത്തീരങ്ങള്‍ പോലുള്ള പ്രകൃതിദത്ത ഷെല്‍ട്ടറുകള്‍ ഇല്ലാത്തതിനാല്‍ അവയ്ക്ക് ചപ്പുചവറുകള്‍ അഭയകേന്ദ്രമായി ഉപയോഗിക്കേണ്ടി വരുന്നു എന്നത് അത്ര നല്ല കാര്യമല്ല.''പ്രോയെറ്റി വിശദീകരിച്ചു. വലിച്ചെറിയപ്പെട്ട ടയറുകള്‍, ബാറ്ററികള്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയ്ക്കുള്ളില്‍ അഭയം കണ്ടെത്തുകയോ മുട്ടയിടുകയോ ചെയ്യുന്നത് അവയെ ദോഷകരമായി ബാധിക്കാം എന്നും ഗവേഷകര്‍ പറയുന്നു.

 

OTHER SECTIONS