By Web Desk.19 01 2021
അത്തറിന്റെ സുഗന്ധം ആസ്വദിക്കുമ്പോള്‍ ഓര്‍മ്മിക്കപ്പെടേണ്ട മരമാണ് തെക്ക് കിഴക്കന്‍ ഏഷ്യക്കാരനായ അകില്‍ അഥവാ ഊദ്. 40 മീറ്ററോളം ഉയരത്തിലും 80 സെ.മീറ്ററോളം വിസ്തൃതിയിലും വളരുന്ന അകില്‍ മരം സാധാരണയായി കാടുകളിലാണ് വളരാറുള്ളത്. ഇന്ന് ഏകദേശം 20 ഇനത്തില്‍പ്പെട്ട ഊദ് മരങ്ങളില്‍ നിന്ന് സുഗന്ധ തൈലമായ അഗര്‍ വേര്‍തിരിച്ചെടുക്കുന്നുണ്ട്. ഒരു മരത്തില്‍ നിന്ന് ശരാശരി നാല് കിലോഗ്രാമിനോടടുപ്പിച്ച് വിളവ് ലഭിക്കുന്ന ഈ മരം ഇപ്പോള്‍ കാട് വിട്ട് നാട്ടിലേക്കും വളരാന്‍ തുടങ്ങിയിരിക്കുന്നു. ഒരു പ്രത്യേകതരം ഫംഗസിന്റെ പ്രവര്‍ത്തനത്താലാണ് വിലകൂടിയ സുഗന്ധതൈലമായ അഗര്‍ ഉല്‍പാദിപ്പിക്കുന്നത്. ഫിയാലോഫോറ പാരസൈറ്റിക്ക എന്നാണ് ഈ ഫംഗസിന്റെ പേര്.
ഇത് കാരണമുണ്ടാകുന്ന ഒരുതരം രോഗപ്പകര്‍ച്ചയെ ചെറുക്കാനായി ഊദ് മരം ഉല്‍പാദിപ്പിക്കുന്ന തവിട്ടുനിറത്തിലുള്ള ഒരുതരം പശയാണ് സുഗന്ധമുള്ള തൈലമായി മാറ്റപ്പെടുന്നത്. ഇനങ്ങളെയും സ്ഥലത്തെയും ശാഖകളെയും വേരുകളുടെ ഉത്ഭവസ്ഥാനത്തെയും പശ ഉണ്ടാകാനായെടുക്കുന്ന സമയത്തെയും വിളവെടുക്കുന്ന രീതികളെയുമെല്ലാം ആശ്രയിച്ച് അഗര്‍ അഥവാ അത്തറിന്റെ ഗുണനിലവാരവും വ്യത്യാസപ്പെടും. പല രാജ്യങ്ങളില്‍ പല പേരുകളിലായാണ് അഗര്‍ അറിയപ്പെടുന്നത്. അഗറില്‍ നിന്ന് ആവിയില്‍ വാറ്റിയെടുക്കുന്നതാണ് ഊദ് എന്ന സുഗന്ധതൈലം. മതപരമായ ചടങ്ങുകളിലാണ് ഈ തൈലം ഉപയോഗിക്കാറുള്ളത്. പല തവണകളായി വാറ്റിയെടുക്കുമ്പോള്‍ പല തരത്തിലുള്ള ഗ്രേഡുകളിലുള്ള എണ്ണയായാണ് മാറ്റപ്പെടുന്നത്.
നേര്‍പ്പിക്കാത്ത എണ്ണ ചര്‍മത്തില്‍ സുരക്ഷിതമായി ഉപയോഗിക്കാം. പലപ്പോഴും മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാരണം ചെടി നശിച്ചുപോകാറുണ്ട്. കൃഷി ചെയ്യുമ്പോള്‍ വെള്ളം വാര്‍ന്നു പോകുന്ന രീതിയില്‍ ചരിവുള്ള പ്രദേശത്തായിരിക്കുന്നതാണ് ഉചിതം. തൈകള്‍ ഏകദേശം 90 സെ.മീറ്ററോളം വളരുമ്പോഴാണ് പ്രധാന കൃഷിഭൂമിയിലേക്ക് മാറ്റിനടുന്നത്. നടാനുപയോഗിക്കുന്ന മണ്ണ് കട്ടിയുള്ളതാണെങ്കില്‍ ചകിരിച്ചോറ് ചേര്‍ത്ത് മയപ്പെടുത്താം. പെട്ടെന്ന് ലയിച്ചു ചേരുന്ന സ്വഭാവമുള്ള ട്രിപ്പിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റും ഡൈ അമോണിയം ഫോസ്‌ഫേറ്റും മിതമായ അളവില്‍ മാത്രം നല്‍കാറുണ്ട്. അമിതമായ വളപ്രയോഗം കാരണം തൈകള്‍ നശിച്ചുപോകും. നന്നായി വിളവെടുക്കാനായാല്‍ ഒരു അകില്‍ മരത്തില്‍ നിന്നും ഒരുലക്ഷം രൂപയോളം വരുമാനം ലഭിക്കും.