By Priya.17 03 2023
മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മാന്‍കുട്ടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.തവിട്ടു നിറത്തില്‍ വെളുത്ത പുള്ളികളോട് കൂടിയ മാനുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഈ മാന്‍കുട്ടി കാണപ്പെടുന്നത്.
ഈ മാന്‍കുട്ടിക്ക് ദേഹമാകെ ഇടതൂര്‍ന്ന വെളുത്ത രോമങ്ങളുമാണുള്ളത്. ഇതിനെ ഒറ്റയ്ക്ക് കണ്ടാല്‍ മാന്‍ ആണെന്ന് പോലും മനസ്സിലാക്കാന്‍ കഴിയണമെന്നില്ല.
ഉത്തര്‍പ്രദേശിലെ കറ്റാര്‍ണിയ ഘട്ട് വന്യജീവി സങ്കേതത്തിലാണ് ഈ മാന്‍കുട്ടിയുള്ളത്.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് ആല്‍ബിനോ മാനിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ഒന്നിനെ കണ്ടെത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായതിനാല്‍ ചിത്രങ്ങള്‍ വളരെ പെട്ടന്ന് തന്നെ ജനശ്രദ്ധ നേടി.പ്രായപൂര്‍ത്തിയെത്തിയ മറ്റൊരു മാനിന് ഒപ്പമാണ് ആല്‍ബിനോ മാന്‍കുട്ടി നടക്കുന്നത്.
ജനതരപരമായ വ്യതിയാനങ്ങള്‍ കൊണ്ടാണ് മാന്‍ കുട്ടിയുടെ രോമങ്ങളെല്ലാം വെളുത്ത നിറത്തില്‍ കാണുന്നത്.കാഴ്ചയില്‍ വ്യത്യസ്തത ഉണ്ടെങ്കിലും ഇത്തരത്തില്‍ കൂട്ടത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ജീവജാലങ്ങള്‍ക്ക് അതിജീവനം ബുദ്ധിമുട്ട് ആയിരിക്കും.
മെലാനിന്റെ പ്രവര്‍ത്തന തകരാറുമൂലമാണ് ഇവയുടെ രോമങ്ങള്‍ക്ക് നിറം ലഭിക്കാത്തത്. ഇവയെ സംബന്ധിച്ചിടത്തോളം ഇണയെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇത്തരത്തില്‍ അപൂര്‍വതകളുള്ള ജീവികള്‍ വേഗത്തില്‍ ഇല്ലാതാവുകയാണ് പതിവെന്ന അടിക്കുറിപ്പോടെയാണ് പര്‍വീണ്‍ കസ്വാന്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
തന്റെ വര്‍ഗത്തില്‍പെട്ട മറ്റു ജീവികളുടെ രീതികള്‍ അവലംബിക്കുമെങ്കിലും ഇരപിടിയന്മാരില്‍ നിന്നും സ്വാഭാവികമായി ഒളിച്ചിരിക്കാന്‍ ഇവയ്ക്കാവില്ല. ഇതുമൂലം മറ്റു ജീവികള്‍ ഇവയെ വേഗത്തില്‍ ആക്രമിക്കുകയും ഇരയാക്കുകയും ചെയ്യും.
തികച്ചും വ്യത്യസ്തമായ രീതിയില്‍ ഒരു മാനിനെ കണ്ടതിന്റെ അദ്ഭുതത്തിലാണ് ആളുകള്‍ പോസ്റ്റിന് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. പ്രകൃതിയിലെ വൈവിധ്യങ്ങള്‍ മനുഷ്യന്റെ സങ്കല്‍പത്തിനും അപ്പുറമാണെന്ന് ഒരാള്‍ കമന്റ് ബോക്‌സില്‍ കുറിക്കുന്നു.
അതേസമയം കൂട്ടത്തിലുള്ളവയെക്കാള്‍ കൂടുതല്‍ സംരക്ഷണം അതിന് വേണ്ടിവരുമെന്ന് ആശങ്ക പങ്കുവയ്ക്കുന്നവരും ഏറെയാണ്. മാന്‍കുട്ടിയുടെ സംരക്ഷണത്തിനായി പ്രത്യേകം നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ചിലര്‍ ആവശ്യപ്പെടാറുണ്ട്.